• Lisha Mary

  • March 25 , 2020

കണ്ണൂര്‍ : കൊറോണ ബാധയുടെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനവും പിന്തുണയുമായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ മൊബൈല്‍ എസ്എംഎസ്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴായിരത്തിലേറെ പേര്‍ക്കാണ് കലക്ടര്‍ മൊബൈലിലൂടെ സന്ദേശമയച്ചത്. രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ നിങ്ങള്‍ നല്‍കുന്ന പിന്തുണയെ വിലമതിക്കുന്നതായി സന്ദേശത്തില്‍ വ്യക്തമാക്കി. നിങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം ഞാനുമുണ്ട്. ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിലൂടെ നിങ്ങള്‍ പ്രകടിപ്പിക്കുന്നത് കുടുംബത്തോടും കണ്ണൂരുകാരോടുമുള്ള നിങ്ങളുടെ കരുതലാണ്. ശരിക്കും നിങ്ങളാണ് ഹീറോ. വീട്ടിനകത്ത് കഴിയൂ; സുരക്ഷിതരാവൂ എന്ന ആശംസയോടെയാണ് കലക്ടറുടെ സന്ദേശം അവസാനിക്കുന്നത്.