• Lisha Mary

  • March 22 , 2020

മാനന്തവാടി : കാന്‍സര്‍ ചികിത്സ രോഗപ്രതിരോധ ശേഷിയെ ബാധിക്കുമെന്നതിനാല്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ അടിയന്തിരസ്വഭാവമുള്ള ക്യാന്‍സര്‍ ചികിത്സ ഒഴികെയുള്ളവ നിര്‍ത്തിവെച്ചതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയും തുടരും. പാലിയേറ്റീവ് കീമോ തെറാപ്പി, പാലിയേറ്റീവ് റേഡിയേഷന്‍, ചികിത്സ പൂര്‍ത്തിയാക്കിയവരുടെ തുടര്‍പരിശോധനകള്‍ ,മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ചു. സേവനസംബന്ധമായ സംശയങ്ങള്‍ക്ക് ഉച്ചക്ക് 2 നും 4 നും ഇടയില്‍ 8281212702 എന്ന നമ്പറില്‍ മറുപടി ലഭിക്കും. ചികിത്സക്കായി വരുന്ന രോഗികള്‍ ഒരു കാരണവശാലും പൊതുഗതാഗതം ഉപയോഗിക്കുകയോ പൊതുജനങ്ങളുമായി അടുത്തിടപഴകുകയോ പുറത്തു നിന്നു ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്ന് ആരോഗ്യവിഭാഗം നിര്‍ദേശം നല്‍കി. ജില്ലയിലെ കാന്‍സര്‍ രോഗികള്‍ ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും തൊട്ടടുത്തുള്ള സെക്കന്ററി പാലിയേറ്റീവ് നഴ്‌സുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്. അതാതു സ്ഥലങ്ങളിലെ പാലിയേറ്റീവ് നഴ്‌സുമാരുടെ ഫോണ്‍ നമ്പര്‍ അറിയാത്തവര്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറില്‍ നിന്ന് ലഭിക്കും.