• Lisha Mary

  • April 5 , 2020

ചെന്നൈ :

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്തതില്‍ വീഴ്ച. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്  75കാരന്റെ സംസ്‌കാരം നടത്തിയ സംഭവം വിവാദമായതോടെ ചടങ്ങില്‍ പങ്കെടുത്ത 50 പേരെ നിരീക്ഷണത്തിലാക്കി.

വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിലാണ് സംസ്‌കാരം നടന്നത്. സുരക്ഷാകവചമായ പോളിത്തീന്‍ കവര്‍ തുറന്ന് മൃതദേഹം മതാചാരപ്രകാരമാണ് സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമ്പോള്‍ മരിച്ചയാളുടെ പരിശോധനാഫലം ലഭിച്ചിരുന്നില്ല. 

അതേസമയം തമിഴ്‌നാട്ടില്‍ ഇന്നുമാത്രം കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയും തമിഴ്‌നാട്ടില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വില്ലുപുരം സ്വദേശിയായ 51 കാരനും തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 53 കാരിയുമാണ് ഇന്നലെ മരിച്ചത്.