• admin

  • February 8 , 2020

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈകിട്ട് 6 വരെയുള്ള കണക്കുകള്‍ പ്രകാരം 54.65 ആണ് പോളിങ് ശതമാനം. രാവിലെ മന്ദഗതിയിലാണ് വോട്ടിങ് തുടങ്ങിയത്. ഉച്ചയ്ക്ക് 2 വരെ 28.14 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. 2015 നേക്കാള്‍ 14 ശതമാനം കുറവാണ് ഇത്. പൗരത്വ നിയമത്തിനെതിരായ സമരകേന്ദ്രമായ ഷഹീന്‍ബാഗിലെ എല്ലാ പോളിങ് കേന്ദ്രങ്ങളിലും കനത്ത പോളിങാണ്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്ര മന്ത്രിമാരായ ഹര്‍ഷവര്‍ധന്‍, എസ്.ജയശങ്കര്‍, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. ഡല്‍ഹിയിലെ പോളിങ് റെക്കോര്‍ഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ആഹ്വാനം ചെയ്തിരുന്നു. എല്ലാവരും, പ്രത്യേകിച്ചു സ്ത്രീകള്‍ വോട്ട് ചെയ്യണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അഭ്യര്‍ഥിച്ചു. ചെയ്ത ജോലിക്കനുസരിച്ച് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നും പ്രതീക്ഷിക്കുന്നതായി കേജ്രിവാള്‍ പറഞ്ഞു. അതിനിടെ, വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബാബര്‍പുര്‍ പ്രൈമറി സ്‌കൂളിലെ പോളിങ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം 11ന് അറിയാം. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഭരണകക്ഷിയായ എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക മണ്ഡലങ്ങളിലും.