• admin

  • February 26 , 2020

ന്യൂഡല്‍ഹി :

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ തത്കാലം ഇടപെടാന്‍ സാധിക്കില്ല. ഷഹീന്‍ബാഗിലെ റോഡ് ഉപരോധം മാത്രമേ ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. 

ഡല്‍ഹി സംഘര്‍ഷ വിഷയങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും അറിയിച്ച് ജസ്റ്റിസ് സഞ്ജയ് കിഷനും കെഎന്‍ ജോസഫും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 

അതേസമയം ഡല്‍ഹി പോലീസിനെതിരേ അതിരൂക്ഷമായ വിമര്‍ശനം കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. കലാപം അടിച്ചമര്‍ത്താന്‍ നിര്‍ദേശങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമായി പോലീസ് കാത്തിരിക്കേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. പതിമൂന്ന് പേരുടെ ജീവന്‍ നഷ്ടമായത് ചെറുതായി കാണാന്‍ സാധിക്കില്ലെന്നും അക്രമണങ്ങളെ പോലീസ് നിയമപരമായി നേരിടണമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു.

പ്രകോപനപരമായ പ്രസംഗങ്ങളില്‍ ബ്രിട്ടണിലെയും അമേരിക്കയിലേയും പോലീസുകാര്‍ ഉടനടി നടപടി എടുക്കാറുണ്ട്. അവര്‍ ഉത്തരവിനായി കാത്തിരിക്കാറില്ലെന്നും കോടതി ഓര്‍മപ്പെടുത്തി. പോലീസിന് പ്രൊഫഷണലിസമില്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഷഹീന്‍ബാഗ് കേസ് പരിഗണിക്കവെ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.