കോട്ടയം :
ജില്ലയില്‍ ടൂറിസം മേഖലയില്‍ കൊറോണ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്ന കുമരകത്ത് വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ.പി.എസ്. രാകേഷിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കാനെത്തുന്ന സഞ്ചാരികളുടെ യാത്രാ വിവരങ്ങള്‍ വിശദമായി രേഖപ്പെടുത്തണമെന്നും ചൈന, ജപ്പാന്‍, കൊറിയ, ജര്‍മ്മനി, തായ്‌ലന്‍ഡ്, മലേഷ്യ, ഹോങ്കോംഗ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നോ ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്‌തോ എത്തിയവരുടെ വിവരങ്ങള്‍ ഉടന്‍തന്നെ ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നല്‍കണമെന്നും നിര്‍ദേശം നല്‍കി.
ചൈനയില്‍നിന്ന് എത്തുന്നവര്‍ക്ക് മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കി മുറിയില്‍ മാത്രം കഴിയാന്‍ നിര്‍ദേശം നല്‍കുകയും നീന്തല്‍കുളം, സ്പാ, ജിംനേഷ്യം, റസ്റ്റോറന്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഭക്ഷണം മുറിയില്‍ എത്തിച്ചു നല്‍കണം. ഇവരുടെ വസ്ത്രങ്ങള്‍ കഴുകുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തണം. ഇവര്‍ ഉപയോഗിക്കുന്ന പാത്രങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം. ഇവര്‍ക്ക് ആവശ്യമായ തൂവാലകള്‍, ടിഷ്യൂ പേപ്പര്‍, മാസ്‌ക് എന്നിവ ലഭ്യമാക്കണം. നിലവില്‍ ചൈനയില്‍ നിന്നുളള വിദേശ സഞ്ചാരികള്‍ ആരും കുമരകം പ്രദേശത്ത് ഇല്ലെന്ന് യോഗത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.