• admin

  • January 6 , 2020

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: ജെഎന്‍യു സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. ഡല്‍ഹി പൊലീസ് കമ്മീഷണറുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു. ജോയിന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഓഫീസര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കും. അതേസമയം, സംഘര്‍ഷത്തെക്കുറിച്ചുള്ള ഡല്‍ഹി പൊലീസിന്റെ ആദ്യ പ്രതികരണം വിവാദമായി. സര്‍വകലാശാലയില്‍ നടന്നത് രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമാണെന്നും ചില സാധനങ്ങള്‍ക്ക് കേടുപാടുണ്ടായെന്നും ഇപ്പോള്‍ സ്ഥിതി ശാന്തമാണ് എന്നുമായിരുന്നു ഡല്‍ഹി സൗത്ത് വെസ്റ്റ് ഡിസിപി ദേവേന്ദര്‍ ആര്യയുടെ പ്രതികരണം. അതിനിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഗുണ്ടാ ആക്രമണം നടക്കുമ്പോള്‍ പൊലീസ് നിഷ്‌ക്രിയരായിരുന്നുവെന്ന് ആരോപിച്ച് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പൊലീസ് ആസ്ഥാനം ഉപരോധിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍ അടക്കം രംഗത്തെത്തി. അക്രമ സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ എയിംസിലെത്തി പ്രിയങ്ക ഗാന്ധിയും ഇടത് നേതാക്കളായ ഡി രാജയും ബൃന്ദാ കാരാട്ടും കണ്ടു. ഞായറാഴ്ച വൈകിട്ടാണ് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിക്കുകയായിരുന്നു. ഹോസ്റ്റലുകള്‍ തല്ലിതകര്‍ത്ത സംഘം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തല തല്ലിപ്പൊളിച്ചു. ഐഷി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം അഴിച്ചുവിട്ടത് എബിവിപിയാണ് എന്നാണ് ആരോപണം.