• admin

  • January 16 , 2020

ഇടുക്കി : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജീവനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. വിഷരഹിത പച്ചക്കറിയില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ജീവനി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി നിര്‍വഹിച്ചു. പരിപാടിക്ക് വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ജലാലുദീന്‍ അധ്യക്ഷനായിരുന്നു. വിഷരഹിത പച്ചക്കറി ഉത്പാദനത്തിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്തിക്കുകയും പോഷക സമൃദ്ധമായ ഭക്ഷണ ക്രമത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ദൗത്യവുമായാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജീവനി പദ്ധതി നടപ്പിലാക്കുന്നത്. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യമുയര്‍ത്തി 2020 ജനുവരി 1 മുതല്‍ 2021 എപ്രില്‍ വരെയാണ് വിഷമുക്ത പച്ചക്കറി കൃഷി വ്യാപകമാക്കുന്നത്. 470 ദിവസം നീണ്ട് നില്‍ക്കുന്ന പദ്ധതി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ് വട്ടപ്പാറയുടെ കൃഷിയിടത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍ പച്ചക്കറി തൈനട്ടു തുടക്കമിട്ടു. വിവിധ വകുപ്പുകള്‍ ,വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ നടപ്പാക്കുന്ന ജനകീയ പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ജീവനി പോഷക തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പരമ്പരാഗത വിത്തിനങ്ങളുടെ വ്യാപനം,കൃഷി പാഠശാല വഴി പരിശീലനം , ആദിവാസി മേഖലകളില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന വിത്തിനങ്ങളുടെ പ്രോത്സാഹനം, കര്‍ഷകരുടെ നാടന്‍ വിത്തുകള്‍ കൈമാറുന്ന വിത്ത് കൈമാറ്റ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.