• admin

  • January 12 , 2020

: കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട കെട്ടിടങ്ങളില്‍ അവശേഷിച്ച ഗോള്‍ഡന്‍ കായലോരവും നിലംപൊത്തി. നിശ്ചിത സമയത്തില്‍ നിന്നും 26 മിനുട്ട് വൈകി 1.56 നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. 2.19 ന് രണ്ടാം സൈറണും 2.31 ന് മൂന്നാം സൈറണും മുഴങ്ങി. തൊട്ടുപിന്നാലെ സ്‌ഫോടനം നടന്നു. 17 നിലകളിലായി 40 അപ്പാര്‍ട്ട്‌മെന്റുകളാണ് കായലോരം ഫ്‌ലാറ്റിലുണ്ടായിരുന്നത്. 14.8 കിലോ സ്‌ഫോടക വസ്തുക്കളാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കാന്‍ വേണ്ടിവന്നത്. ഗോള്‍ഡന്‍ കായലോരത്തില്‍ 960 ദ്വാരങ്ങളിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ചത്. കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. ഗോള്‍ഡന്‍ കായലോരത്തിന് സമീപം ഒരു അങ്കണവാടിയും പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്മെന്റ് സമുച്ചയവുമുണ്ട്. ഇവയ്ക്ക് പ്രശ്നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്. അങ്കണവാടി കെട്ടിടം ഉള്ളതിനാല്‍ പൊളിക്കലിന് ഏറ്റവും വെല്ലുവിളി നേരിട്ടതും ഗോള്‍ഡന്‍ കായലോരത്തിനാണ്. അങ്കണവാടി കെട്ടിടത്തില്‍ പതിക്കാതിരിക്കാനായി കെട്ടിടത്തെ പിളര്‍ത്തിയാണ് പൊളിക്കല്‍ നടത്തിയത്. അങ്കണവാടി കെട്ടിടം സുരക്ഷിതമാണെങ്കിലും ചുറ്റുമതിലിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ കായലോരത്തില്‍ മൊത്തം 40 അപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്. നാലുഫ്ളാറ്റുകളില്‍ ഏറ്റവും ചെറുതും ഏറ്റവും പഴയതും ഗോള്‍ഡന്‍ കായലോരം ആയിരുന്നു ഫ്‌ലാറ്റ് പൊളിച്ച വിവരം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.