• admin

  • January 12 , 2020

: കൊല്‍ക്കത്ത: പൗരത്വ നിയമം ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല, മറിച്ച് പൗരത്വം നല്‍കാനുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനില്‍ പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് സ്വാതന്ത്ര്യത്തിന് ശേഷം മഹാത്മാ ഗാന്ധിയും മറ്റ് നേതാക്കളും വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാമകൃഷ്ണ മിഷന്‍ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മനഃപൂര്‍വ്വം രാഷ്ട്രീയം കളിക്കുന്നവര്‍ ഇത് മനസ്സിലാക്കാന്‍ തയ്യാറല്ല. പൗരത്വ നിയമഭേദഗതിയുടെ പേരില്‍ അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. പൗരത്വം നല്‍കുക നമ്മുടെ ഉത്തരവാദിത്വം. ഒരു രാത്രി കൊണ്ട് തിടുക്കപ്പെട്ട് കൊണ്ടുവന്ന നിയമമല്ല ഇത്. കഴിഞ്ഞ 70 വര്‍ഷമായി ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചതിന് പാകിസ്ഥാന്‍ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'കഴിഞ്ഞ തവണ ഞാന്‍ ഇവിടെ വന്നപ്പോള്‍ സ്വാമി ആത്മസ്ഥാനന്ദജിയുടെ അനുഗ്രഹം വാങ്ങിയിരുന്നു. ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ ഭൗതികസാന്നിധ്യമില്ല. പക്ഷേ അദ്ദേഹം രാമകൃഷ്ണ മിഷന്റെ രൂപത്തില്‍ വഴികാട്ടിയായി നമുക്കൊപ്പമുണ്ട്. 100 ഊര്‍ജ്ജസ്വലരായ യുവാക്കളെ തരൂ ഞാന്‍ ഇന്ത്യയെ മാറ്റി തരാം എന്ന സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ വാക്യം നാം ഓര്‍ക്കുക'. എന്തെങ്കിലും ചെയ്യാനുള്ള നമ്മുടെ ഊര്‍ജവും താത്പര്യവുമാണ് മാറ്റത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു