• admin

  • May 28 , 2020

ന്യൂഡല്‍ഹി : വിദേശത്തുനിന്ന് എത്തുന്നവര്‍ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്‍റൈന്‍ സ്വന്തം ചെലവില്‍ വഹിക്കണമെന്നത് നിര്‍ബന്ധമാക്കിയത് കേന്ദ്രസര്‍ക്കാര്‍. വിദേശത്തുനിന്ന് എത്തുന്ന ഇന്ത്യക്കാര്‍ക്കായി മാര്‍ച്ച്‌ 24ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്. ഗര്‍ഭിണികള്‍, പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍, കുടുംബത്തില്‍ മരണം സംഭവിച്ചവര്‍, മറ്റ് ദുരിതമനുഭവിക്കുന്നവര്‍ എന്നിവരെ മാത്രമാണ് കേന്ദ്രം സ്ഥാപന ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കിയത്. എന്നാല്‍, ഇവര്‍ വീടുകളില്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം. കേന്ദ്രനിർദേശം ഇങ്ങനെ -● സ്വന്തം ചെലവില്‍ ഒരാഴ്ചത്തെ സ്ഥാപന ക്വാറന്റൈനില്‍ പോകാമെന്ന ഉറപ്പ് വിമാനത്തില്‍ കയറുന്നതിനുമുൻബായി യാത്രക്കാര്‍ ഒപ്പിട്ടു നല്‍കണം. ●സ്ഥാപന ക്വാറന്റൈനുശേഷം ഒരാഴ്ച വീടുകളിലും ക്വാറന്റൈനില്‍ കഴിയണം. ●ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മറ്റും രണ്ടാഴ്ച വീട്ടില്‍ ക്വാറന്റൈന്‍. ആരോഗ്യസേതു ആപ് നിര്‍ബന്ധമായും ഉപയോഗിക്കണം. ● വിമാനത്താവളങ്ങളിലെ തെര്‍മല്‍ സ്ക്രീനിങ്ങിനുശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ. ● റോഡുവഴി എത്തുന്നവര്‍ക്കും നിബന്ധനകള്‍ ബാധകം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂ. ●വിമാനത്തിലോ കപ്പലിലോ കയറുന്നതിനുമുൻപ് നിബന്ധന പാലിക്കാമെന്ന് ഒപ്പിട്ടു നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് കൈമാറണം. ● രോഗലക്ഷണങ്ങളുള്ളവരെ അടിയന്തരമായി ഐസൊലേറ്റ് ചെയ്ത് ചികിത്സ ഉറപ്പാക്കണം. ശേഷിക്കുന്നവരെ സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകണം. ഇവര്‍ ഒരാഴ്ച ഇവിടെ തുടരണം; ടെസ്റ്റും നടത്തണം.