• Lisha Mary

  • April 22 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെലിഫോണിക് സര്‍വേയുമായി കേന്ദ്രസര്‍ക്കാര്‍. രോഗപ്പകര്‍ച്ചയെ കുറിച്ചുളള വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് സര്‍വേ. ഇതിനായി ആള്‍ക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് വിളിച്ച് അന്വേഷിക്കും. നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി)യാണ് സര്‍വേ നടത്തുന്നത്. സര്‍വേയുടെ കാര്യം ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് വെളിപ്പെടുത്തിയത്. 1921 എന്ന നമ്പറില്‍ നിന്നാണ് സര്‍വേയുടെ ഭാഗമായ വിളി വരിക. ഇത്തരത്തില്‍ വിളിക്കുമ്പോള്‍ എല്ലാവരും അതില്‍ പങ്കാളികളാകണമെന്നും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നും ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. മറ്റേതെങ്കിലും നമ്പരില്‍ നിന്ന് വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ട് വ്യാജന്മാരുടെ ഫോണ്‍ വിളികള്‍ ഉണ്ടായേക്കാമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1921 എന്ന നമ്പരില്‍ നിന്നല്ലാതെ മറ്റേതെങ്കിലും നമ്പരില്‍ നിന്ന് സര്‍വേയ്‌ക്കെന്ന പേരില്‍ വിവരങ്ങള്‍ ചോദിച്ച് വിളിക്കുന്നവരെ കരുതിയിരിക്കാനും മുന്നറിയിപ്പില്‍ പറയുന്നു.