• Lisha Mary

  • April 10 , 2020

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയാന്‍ ഓപ്പറേഷന്‍ 'ഷീല്‍ഡ്' പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മേഖലയായി കണ്ടെത്തിയ ഡല്‍ഹിയിലെ 21 പ്രദേശങ്ങള്‍ പൂര്‍ണമായും അടയ്ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ആരെയും പുറത്തേക്ക് വിടാതെ കര്‍ശന നിയന്ത്രണങ്ങളാണ് ഓപ്പറേഷന്‍ ഷീല്‍ഡിലൂടെ ഏര്‍പ്പെടുത്തുക. നിസാമുദ്ദീന്‍, മാള്‍വിയ നഗര്‍, ബെംഗളി മാര്‍ക്കറ്റ്, സങ്കം വിഹാര്‍, മയൂര്‍ വിഹാര്‍, ദ്വാരക, ദില്‍ഷാദ് ഗാര്‍ഡന്‍, ദിന്‍പൂര്‍ വില്ലേജ്, കല്ല്യാണ്‍പുരി, പാണ്ടവ് നഗര്‍, വെസ്റ്റ് വിനോദ് നഗര്‍, സീമാപുരി തുടങ്ങിയ 21 പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. ഈ പ്രദേശങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കും. എല്ലാവരും വീടിനുള്ളില്‍ തന്നെ സ്വയം ക്വാറന്റൈനില്‍ കഴിയണം. ആരേയും വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും കോവിഡ് വ്യാപനം തടയാന്‍ ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു. ഷീല്‍ഡിന്റെ ഭാഗമായി പ്രദേശത്തെ മുഴുവന്‍ ആളുകളേയും നിരീക്ഷിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും നേരിട്ടെത്തി പരിശോധന നടത്തും. രോഗബാധയുള്ളവരെ ഐസലോഷനിലേക്ക് മാറ്റും. രോഗികളുമായി ഇടപഴകിയവരെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കും. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാനും അനുമതിയുണ്ടാകില്ല. എല്ലാ സാധനങ്ങളും അതത് വീടുകളില്‍ നേരിട്ടെത്തിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 93 പേര്‍ക്കാണ് ഡല്‍ഹിയില്‍ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 699 ആയി. ഇതുവരെ ഒമ്പത് പേര്‍ മരിച്ചു. 21 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.