• Lisha Mary

  • March 18 , 2020

: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ്-19 വൈറസ് ബാധ പടരുന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 8400 കവിഞ്ഞു. 8420 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 147 ആണ്. ഇറ്റലിയില്‍ ഇതിവരെ 2941 പേരാണ് മരിച്ചത്. 31,506 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ 988 പേരും സ്പെയിനില്‍ 553 പേരും ഫ്രാന്‍സില്‍ 175 പേരുമാണ് മരിച്ചത്. അമേരിക്കയില്‍ കൊറോണ മരണം 100 കടന്നു. മരണം 109 ആയി. യുഎസില്‍ 50 സംസ്ഥാനങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ 85 പേരും ജര്‍മ്മനിയില്‍ 26 പേരുമാണ് മരിച്ചത്. കൊറോണയുടെ ഉത്ഭവകേന്ദ്രമായ ചൈനയില്‍ പുതുതായി 13 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 11 പേരാണ് രോഗം ബാധിച്ച് ഒടുവുല്‍ മരിച്ചതെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ മലേഷ്യ സമ്പൂര്‍ണ യാത്രാവിലക്ക് പ്രഖ്യാപിച്ചു. പാകിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 245 ആയി ഉയര്‍ന്നു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും സംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചു. ശ്രീലങ്കയില്‍ 43പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിനായി രാജ്യത്തേക്കുള്ള എല്ലാ വിമാനങ്ങളും രണ്ട് ആഴ്ചത്തേക്ക് വിലക്കുന്നതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 147 ആയതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. തെലങ്കാനയിലും ഗോവയിലുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 1200 ഓളം പേരെ ക്വാറന്റീന്‍ ചെയ്തിരിക്കുകയാണ്. ബ്രിട്ടനില്‍ നിന്നും തിരികെ എത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ കോവിഡ് കണ്ടെത്തിയത്. നോര്‍വീജിയന്‍ പൗരനാണ് ഗോവയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് സംശയത്തെത്തുടര്‍ന്ന് മിലിട്ടറി എഞ്ചിനീയറിംഗ് കോളജിലെ ആര്‍മി ഓഫീസറോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഡാക്കിലെ ഒരു സൈനികനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മൂന്നുപേരാണ് മരിച്ചത്.