• Lisha Mary

  • April 20 , 2020

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഫലം കണ്ടുവരുന്നതായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ തോത് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് 3.4 ദിവസം കൊണ്ട് കോവിഡ് ബാധിതര്‍ ഇരട്ടിയായി. എന്നാല്‍ ലോക്ക്ഡൗണ്‍ 25 ദിവസം പിന്നിട്ട സാഹചര്യത്തില്‍ കോവിഡ് ബാധിതര്‍ ഇരട്ടിയാകുന്നതില്‍ വലിയ വ്യത്യാസമുണ്ട്. ഇപ്പോള്‍ 7.5 ദിവസം കൊണ്ടാണ് കോവിഡ് രോഗികള്‍ ഇരട്ടിയാകുന്നതെന്ന് കണക്കുകളെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരിലും വര്‍ധനയുണ്ട്. ഇതുവരെ 2546 പേരാണ് രോഗമുക്തി നേടിയത്. ഇത് മൊത്തം കോവിഡ് ബാധിതരുടെ 14.75 ശതമാനം വരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 1553 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 36 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 543 ആയി.രാജ്യത്ത് ഇതുവരെ 17,265പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 14175 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 2547പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4203 ആയി.