• admin

  • May 31 , 2020

തിരുവനന്തപുരം : കോറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീല്‍ ജൂണ്‍ ഒന്നിന് രാവിലെ 8.30 ന് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് കേന്ദ്രത്തില്‍ കൂടി ലൈവ് ക്ലാസ് നടത്തി നിര്‍വഹിക്കുന്നു. സംസ്ഥാനത്തെ ഒന്നുമുതല്‍ പിജി വരെയുള്ള എല്ലാ ക്ലാസ്സുകളും ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്നുള്ള സര്‍ക്കാര്‍ തീരുമാനം പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് നടപ്പിലാക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അധ്യയനം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിളുകള്‍ തയ്യാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന രീതിയില്‍ അധ്യാപകര്‍ ഓണ്‍ലൈനില്‍ കൂടി ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. കോളേജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകര്‍, പ്രിന്‍സിപ്പല്‍ നിശ്ചയിക്കുന്ന റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളേജുകളില്‍ ഹാജരാകുകയും മറ്റുള്ളവര്‍ വീടുകളിലിരുന്നും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി മുഴുവന്‍സമയ ലൈവ് ക്ലാസ്സുകള്‍ നല്‍കും. അതേസമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ പ്രിന്‍സിപ്പല്‍മാര്‍ ഒരുക്കണം. കോവിഡ് കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാകാവുന്ന പഠന-ബോധന പ്രതിസന്ധി അധ്യാപക-വിദ്യാര്‍ഥി ഐക്യത്തില്‍ കൂടി നമുക്കതിജീവിക്കാമെന്നും ഉന്നത വിദ്യഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.