• admin

  • January 22 , 2020

തിരുവനന്തപുരം : കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. അടുത്തിടെ ചൈനയില്‍ നിന്നെത്തിയവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രോഗ ലക്ഷണങ്ങള്‍ കാണുന്നവരെ പ്രത്യേകം പരിശോധിക്കാനും രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ ഇതിനോടകം കൊറോണ വൈറസ് ബാധിച്ച് ഒമ്പത് പേരാണ് മരിച്ചത്. മുന്നൂറിലേറെപേര്‍ വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്. ബുധനാഴ്ച അമേരിക്കയിലും ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നേരത്തെ കൊച്ചി അടക്കമുള്ള രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന കര്‍ശമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറസ് ബാധയില്‍ കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കിയതിന് പിന്നാലെ ലോകരാജ്യങ്ങള്‍ വലിയ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരികയാണ്.