ചെന്നൈ : കളിയിക്കാവിളയില്‍ എഎസ്ഐ വെടിയേറ്റുമരിച്ച കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കേസില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഭീകരസംഘടനകളുടെ പങ്കും സാമ്പത്തിക സഹായവും ലഭിച്ചു എന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേസിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നല്കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാനാന്തര ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചത്. സംഭവത്തിന്റെ ആസൂത്രണ ശൈലി ഭീകരവാദ സംഘടനകളുടെ പങ്ക് വ്യക്തമാക്കുന്നു. കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ഇതിന്റെ തുടര്‍ച്ചയായ സംഭവങ്ങള്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ പിടിയിലായവര്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയുടെയും തമിഴ്നാട് നാഷണല്‍ ലീഗിന്റെയും പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ആക്രമണത്തിന് പദ്ധതിയിട്ടതിന്റെയും മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ആസൂത്രണം നടത്തിയതിന്റെയും തെളിവുകള്‍ തമിഴ്നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിരുന്നു .പ്രതികളില്‍ രണ്ട് പേര് ചാവേറാകാന്‍ നേപ്പാളില്‍ പരിശീലനം നടത്തിയതിന്റെ രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എന്‍ഐഎക്ക് കൈമാറാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും ഇന്നലെ തമിഴ്നാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പ്രതികളെ പത്തു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാനാണ് നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടത്. കുറ്റം സമ്മതിച്ചെങ്കിലും ഗൂഢാലോചനയെക്കുറിച്ചോ സഹായം നല്‍കിയവരെക്കുറിച്ചോ പ്രതികള്‍ വിവരം നല്‍കിയിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്താനുമായിട്ടില്ല. കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും അല്‍ ഉമ്മ നേതാവുമായ മെഹബൂബ് പാഷ അടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കളിയിക്കാവിള പ്രതികള്‍ ഉള്‍പ്പെട്ട അല്‍ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്നാണ് പൊലീസ് പറയുന്നത്. ഐഎസില്‍ ചേര്‍ന്ന ശേഷം മടങ്ങിയെത്തിയ മെഹബൂബ് പാഷ മൊയ്നുദ്ദീന് ഖ്വാജയുമായി ചേര്‍ന്ന് അല്‍ ഉമ്മയുടെ പ്രവര്‍ത്തനം ഏറ്റെടുത്തെന്ന് എഫ്ഐആറിലുണ്ട്. ഹിന്ദുമുന്നണി നേതാവ് സുരേഷിന്റെ കൊലപാതകത്തിന് ശേഷം തമിഴ്നാട്ടില്‍ നിന്ന് ആറ് വര്‍ഷം മുമ്പ് പ്രവര്‍ത്തനം കര്‍ണാടകത്തിലേക്കും ദില്ലിയിലേക്കും മാറ്റി. ഹിന്ദു സംഘടനാ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വധിക്കാനുളള ആസൂത്രണം ബെംഗളൂരുവിലെ മെഹബൂബ് പാഷയുടെ വീട് കേന്ദ്രീകരിച്ച് നടന്നു. എഎസ്എയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പുതുതായി രൂപീകരിച്ച തീവ്രവാദ സംഘം ആക്രണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. അന്വേഷണം ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുമുണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി