• admin

  • February 1 , 2020

തൃശൂര്‍ : കൊറോണ രോഗബാധയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത് 1471 പേര്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. മറ്റാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണത്തിലുള്ളവരില്‍ 1421 പേരും വീടുകളിലാണ്്. 50 പേര്‍ വിവിധ ജില്ലകളില്‍ ആശുപത്രികളിലുണ്ട്. ഇതിനകം 39 പേരുടെ രക്തസാമ്പിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതില്‍ 15 പേരുടെ സാമ്പിള്‍ വെള്ളിയാഴ്ചയാണ് അയച്ചത്. നേരത്തേ അയച്ച 24 സാമ്പിളില്‍ 18 എണ്ണത്തിന്റെ റിപ്പോര്‍ട്ട് കിട്ടി. അതില്‍ പതിനേഴും നെഗറ്റീവാണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ രക്തസാമ്പിള്‍ രണ്ടു തവണ പരിശോധനയ്ക്ക് അയക്കും. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ സാമ്പിള്‍ ഒരിക്കല്‍ക്കൂടി അയച്ചു. മറ്റുള്ള റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളിലായി കിട്ടും. മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീന്‍, സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ തൃശൂരില്‍ തങ്ങിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.