• admin

  • February 1 , 2020

തിരുവനന്തപുരം : ഭരണഘടനയിലെ മതനിരപേക്ഷ മൂല്യങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും വലിയ വെല്ലുവിളി നേരിടുകയാണെന്ന് സാംസ്‌കാരിക നിയമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും സംയുക്തമായി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച ഭരണഘടനാസാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളില്‍ ഭരണഘടനയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതില്‍ സാക്ഷരത മിഷന്‍ വലിയ ഇടപെടലാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഭരണഘടന മതനിരപേക്ഷതയ്ക്കും ബഹുസ്വരതയ്ക്കും ഊന്നല്‍ നല്‍കുന്നതാണെന്നും അവയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാമിഷന്റെ സാമൂഹ്യസാക്ഷരത പരിപാടികളുടെ ഭാഗമായാണ് ഭരണഘടനാസാക്ഷരത പരിപാടി സംഘടിപ്പിച്ചത്. സാക്ഷരത മിഷന്‍ ഡയറക്ടര്‍ പി.എസ്.ശ്രീകല അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്ക് എന്ന ആശയത്തെയും നമ്മുടെ ഭരണഘടനയെയും സംബന്ധിക്കുന്ന അവബോധ രൂപീകരണമാണ് ഭരണഘടനാസാക്ഷരതാപരിപാടിയുടെ ലക്ഷ്യമായി സാക്ഷരതാമിഷന്‍ ഏറ്റെടുത്തിരിക്കുന്നത്.