• admin

  • February 4 , 2020

കോട്ടയം :

രണ്ടു പേര്‍ ആശുപത്രിയിലും  79 പേര്‍  വീടുകളിലും നിരീക്ഷണത്തില്‍ കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുള്ള രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ച മുമ്പ് വിദേശത്തു നിന്നെത്തിയ ഇവര്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം പൊതുജന സമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളതായി ഇവര്‍ അറിയിച്ചതിനെതുടര്‍ന്ന് ആരോഗ്യവകുപ്പ് ആംബുലന്‍സ് അയച്ച് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
ജില്ലയില്‍ ആര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളില്‍നിന്ന് രണ്ടാഴ്ച്ചക്കുള്ളില്‍ നാട്ടിലെത്തിയ 79 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും എല്ലാ ദിവസവും ഇവരുടെ ആരോഗ്യസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. രോഗ ബാധിത മേഖലകളില്‍നിന്നെത്തിയവര്‍   റിപ്പോര്‍ട്ട് ചെയ്യണം രോഗബാധിത മേഖലകളില്‍നിന്ന് 2020 ജനുവരി മുതല്‍ കേരളത്തില്‍ എത്തിയിട്ടുള്ളവര്‍ നിര്‍ബന്ധമായും 1056 എന്ന നമ്പരിലോ 0471 2552056 എന്ന നമ്പരിലോ വിളിച്ചറിയിക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാല്‍ ആവശ്യമായ ആശുപത്രി നിരീക്ഷണത്തോടൊപ്പം ചികിത്സയും നല്‍കുന്നതാണ്. പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ജലദോഷം എന്നിവയാണ് കൊറോണ രോഗബാധയുടെ ലക്ഷണങ്ങള്‍. ചൈനയില്‍ നിന്ന് വന്നവരില്‍ ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവര്‍ ജില്ലാ ആശുപത്രി ഫിസിഷ്യന്‍ ഡോ. സിന്ധു ജി നായരെ  (9447347282) ബന്ധപ്പെട്ടു നിര്‍ദേശങ്ങള്‍ സ്വീകരിക്കണം.  ഇവര്‍ യാതൊരു കാരണവശാലും പൊതു വാഹനങ്ങളിലോ, ടാക്സികളിലോ ആശുപത്രികളിലേക്ക് എത്തരുത്. വിവരം നല്‍കിയാല്‍ ആശുപത്രിയില്‍ എത്തുന്നതിനായി ആരോഗ്യവകുപ്പ് ആംബുലന്‍സ് വിട്ടുനല്‍കും.  പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് കൊറോണ നിരീക്ഷണ ജില്ലാ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കൊറോണ ബാധിത മേഖലകളില്‍നിന്ന്,  പ്രത്യേകിച്ച് ചൈനയില്‍നിന്ന്  ജില്ലയില്‍ എത്തുന്നവരുടെ  വിവരങ്ങള്‍ 1077, 0481 2304800(24 മണിക്കൂറും) എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കോ, ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കോ, റസിഡന്‍സ് അസോസിയേഷനുകള്‍ക്കോ അറിയിക്കാവുന്നതാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരെ ബന്ധപ്പെട്ട് ലക്ഷണങ്ങള്‍ പരിശോധിച്ച് തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കും.
കൊറോണ രോഗത്തെ  സംബന്ധിച്ച പൊതുവായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് സംസ്ഥാന തലത്തിലെ 1056 എന്ന നമ്പറിന് പുറമെ  ജില്ലയില്‍ 0481 2304110, 9495088514 എന്നീ  നമ്പറുകളിലും ബന്ധപ്പെടാം.  കമ്മിറ്റികള്‍ രൂപീകരിച്ചു രോഗ പ്രതിരോധ നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തില്‍ 15 കമ്മിറ്റികള്‍ രൂപീകരിച്ചു.