• admin

  • February 2 , 2020

ആലപ്പുഴ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും അവ ക്രമീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അവിടെ ഉന്നതല യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കളക്ടറേറ്റിലാണ് യോഗം ചേര്‍ന്നത്. ഡോ. രത്തന്‍ ഖേല്‍ക്കര്‍ ആലപ്പുഴയില്‍ താമസിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മുന്നൊരുക്കങ്ങള്‍ 14 ഭാഗങ്ങളായി തിരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിനായി ഓരോരുത്തരെ ചുമതലപ്പെടുത്തി. എല്ലാദിവസവും വൈകുന്നേരം എല്ലാ വിഭാഗം ആളുകളുടെയും യോഗം ചേരും. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. യോഗത്തിന് ശേഷം എല്ലാ ദിവസവും രാത്രി ഏഴിന് ജില്ലയിലെ സ്ഥിതി മാധ്യമങ്ങളെ അറിയിക്കും. ബുള്ളറ്റിനും ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.