• Lisha Mary

  • March 16 , 2020

ഭോപാല്‍ : കേവലഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച തന്നെ നിയമസഭയില്‍ വിശ്വാസംതേടണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ നിര്‍ദേശം. എന്നാല്‍, വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നകാര്യത്തിലുള്ള തീരുമാനം തിങ്കളാഴ്ച സഭയില്‍ അറിയിക്കാമെന്ന് സ്പീക്കര്‍ എന്‍.പി. പ്രജാപതി പറഞ്ഞു. സഭാസമ്മേളനത്തിന്റെ അജന്‍ഡയില്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടുമില്ല. ഇതോടെ വോട്ടെടുപ്പിന്റെ കാര്യം അനിശ്ചിതത്വത്തിലായി. കൊറോണ ബാധിതപ്രദേശങ്ങളായ ബെംഗളൂരു, ഹരിയാണ, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ എം.എല്‍.എ.മാര്‍ക്ക് നിര്‍ബന്ധിത പരിശോധന വേണമെന്നും ഈ സാഹചര്യത്തില്‍ വിശ്വാസവോട്ട് മാറ്റണമെന്നുമാണ് ഭരണപക്ഷത്തിന്റെ വാദം. ഞായറാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗം കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ സഭാസമ്മേളനം മാറ്റിവെക്കണമെന്ന് ശുപാര്‍ശ ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ്, അടിയന്തരമായി വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്. തിങ്കളാഴ്ചയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. രാവിലെ ഗവര്‍ണറുടെ പ്രസംഗം കഴിഞ്ഞാലുടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസുവിട്ട് ബി.ജെ.പി.യില്‍ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയോട് കൂറുപുലര്‍ത്തുന്ന 22 എം.എല്‍.എ.മാര്‍ രാജിവെച്ചതോടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. വിശ്വാസവോട്ടെടുപ്പ് ഉറപ്പായതോടെ, രാജസ്ഥാനിലെ ജയ്പൂരില്‍ പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ.മാരെ ഞായറാഴ്ച തിരിച്ചെത്തിച്ചു. വീട്ടിലേക്കു പോകാതെ ഇവരെല്ലാവരും ഭോപാലിലെ ഹോട്ടലിലാണ് തങ്ങുന്നത്. ഹരിയാണയിലേക്കു മാറ്റിയ ബി.ജെ.പി. എം.എല്‍.എ.മാര്‍ സഭചേരും മുമ്പ് എത്തുമെന്നാണ് കരുതുന്നത്. സമ്മേളനത്തിനുണ്ടാകണമെന്നും പാര്‍ട്ടിക്കനുകൂലമായി വോട്ടുചെയ്യണമെന്നും നിര്‍ദേശിച്ച് എം.എല്‍.എ.മാര്‍ക്ക് ബി.ജെ.പി. ഞായറാഴ്ച വിപ്പ് നല്‍കി. കോണ്‍ഗ്രസ് സ്വന്തം എം.എല്‍.എ.മാര്‍ക്ക് ശനിയാഴ്ച വിപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പ് നടക്കുന്നതിനാല്‍ നിയമസഭാപരിസരത്ത് ഭോപാല്‍ ജില്ലാഭരണകൂടം 144 പ്രഖ്യാപിച്ചു. രാജിവെച്ച എം.എല്‍.എ.മാരിലുള്‍പ്പെട്ട ആറു മന്ത്രിമാരുടെ രാജിക്കത്ത് സ്പീക്കര്‍ ശനിയാഴ്ച സ്വീകരിച്ചു. ഇതോടെ നിയമസഭാസീറ്റുകളുടെ എണ്ണം 222 ആയി. കേവലഭൂരിപക്ഷം 112-ഉം. 16 എം.എല്‍.എ.മാരുടെ രാജി സ്വീകരിച്ചിട്ടില്ല. മധ്യപ്രദേശ് നിയമസഭ ഇപ്പോള്‍ ആകെ സീറ്റ് 222 കേവലഭൂരിപക്ഷം 112 കോണ്‍ഗ്രസ് 92 ബി.ജെ.പി. 107