• Lisha Mary

  • April 4 , 2020

ന്യൂഡല്‍ഹി : കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗ പരിശോധന നടത്താനുള്ള കിറ്റുകള്‍ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തീരുമാനം അടിയന്തര പ്രാധാന്യത്തോടെ നിലവില്‍ വന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കൊറോണ രോഗലക്ഷണങ്ങള്‍ കൂടുതല്‍ ആളുകള്‍ പ്രകടിപ്പിച്ചതോടെ പരിശോധനയ്ക്ക് കൂടുതല്‍ കിറ്റുകള്‍ ആവശ്യമായി വരുമെന്ന് കണക്കാക്കിയാണ് നിയന്ത്രണം. ഇതുപ്രകാരം ഇവ കയറ്റുമതി ചെയ്യുന്ന ആള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് ലൈസന്‍സ് കരസ്ഥമാക്കണം. ലൈസന്‍സില്ലാതെ കയറ്റുമതി ചെയ്യാന്‍ സാധിക്കില്ല. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത സമയം മുതല്‍ ഇത്തരം പരിശോധനാ കിറ്റുകള്‍ക്ക് കയറ്റുമതി നിയന്ത്രണം ഉണ്ടായിരുന്നില്ല. പരിശോധനകള്‍ക്കുള്ള കിറ്റുകള്‍ കയറ്റി അയയ്ക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് തീരുമാനം. ഇതുവഴി ആഭ്യന്തര വിപണിയിലെ വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്.