• Lisha Mary

  • April 4 , 2020

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം രാജ്യത്തിന്റെ വലിയൊരു ശതമാനം ജില്ലകളിലും എത്തിയത് വൈറസ് വ്യാപനത്തെ തടയാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു. ഇന്ത്യയിലെ 30% ജില്ലകളിലും രോഗഹേതുവായ വൈറസ് എത്തിയെന്നാണ് കണക്കുകള്‍. ആകെയുള്ള 720 ജില്ലകളില്‍ 211 ജില്ലകളിലും കൊറോണ വൈറസിനു കാരണമായ കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളിലെ 60% ജില്ലകളിലും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. എന്നാല്‍ ഈ കണക്കുകളിലുള്ളതിനേക്കാള്‍ കൂടുതല്‍ ജില്ലകളിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം. നിലവില്‍ രോഗബാധിതരുടെ എണ്ണം 2000 കടന്നിട്ടുണ്ട്. പക്ഷെ 1965 പോസിറ്റീവ് കേസുകളുടെ കണക്കുകള്‍ മാത്രമേ ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തിയിട്ടുള്ളൂ. ഇത്തരത്തിലുള്ള വ്യാപനം ടെസ്റ്റിങ് കിറ്റുകളുടെയും മാസ്‌കുകളുടെയും ലഭ്യതക്കുറവിലേക്കെത്തിക്കും. രോഗബാധിതരുടെ എണ്ണം കൂടാനും മരണസംഖ്യ ഉയരാനും ഇതിടയാക്കും. ഏപ്രില്‍ അവസാനത്തോടു കൂടി 16000 റെസ്പിറേറ്ററി പമ്പുകളുടെയും 5000 വെന്റിലേറ്ററുകളുടെയും ആവശ്യകത രാജ്യത്തിനു വന്നേക്കാമെന്നാണ് രാജ്യത്തെ പ്രമുഖ ഗവേഷകര്‍ പറയുന്നത്. 6000 വെന്റിലേറ്റര്‍ സൗകര്യങ്ങളും 2000 ഐസിയു യൂണിറ്റുകളും തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.