• Lisha Mary

  • March 11 , 2020

കോട്ടയം : ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍, പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സ്ഥിതി നിലവിലില്ലെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ല സജ്ജമാണൈന്നും ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ഐസോലേഷന്‍ വിഭാഗം വിപുലീകരിച്ചു. മറ്റ് ജനറല്‍, താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പത്തുപേര്‍ ആശുപത്രി നിരീക്ഷണത്തില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാളെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. തൊടുപുഴ സ്വദേശിയായ യുവാവിനെയും കുവൈറ്റില്‍നിന്നു വന്ന തിരുവാര്‍പ്പ് സ്വദേശിനിയെയും കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒന്‍പതായി. കോട്ടയം ജനറല്‍ ഒരാള്‍ നിരീക്ഷണത്തിലുണ്ട്. 167പേര്‍ വീടുകളില്‍ നീരീക്ഷണത്തില്‍ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട(പ്രൈമറി കോണ്‍ടാക്ട്‌സ്) ഉള്‍പ്പെടെ 76 പേര്‍ക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ഇതോടെ ജില്ലയില്‍ ജനസമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുന്നവരുടെ എണ്ണം 167 ആയി. പ്രൈമറി കോണ്‍ടാക്ട്‌സ് പട്ടികയില്‍പെട്ടവരുമായി ഇടപഴകിയവരെ(സെക്കന്‍ഡറി കോണ്‍ടാക്ട്‌സ്) കണ്ടെത്തുന്നതിന് ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു. ഇതിനായി മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള ഏഴു സംഘങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇങ്ങനെ കണ്ടെത്തുന്നവര്‍ക്കും ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കും. പഞ്ചായത്തുകളില്‍ തീവ്രയജ്ഞ പരിപാടി രോഗം സ്ഥിരീകരിച്ചവര്‍ താമസിച്ചിരുന്ന പഞ്ചായത്തിലും തൊട്ടടുത്ത പഞ്ചായത്തിലും പ്രതിരോധ തീവ്രയജ്ഞത്തിന് തുടക്കം കുറിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പഞ്ചായത്തു കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ജനപങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.രോഗം സ്ഥിരീകരിച്ചിരുന്നവര്‍ താമസിച്ച പഞ്ചായത്തിലെ ഓരോ വാര്‍ഡിലും വാര്‍ഡ് മെംബര്‍ കണ്‍വീനറും കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായുള്ള പതിനഞ്ചംഗ സംഘം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തും. ഇതിനു പുറമെ മൈക്ക് അനൗണ്‍സ്‌മെന്റും ലഘുലേഖ വിതരണവും നടത്തും. രോഗബാധിതരുടെ വീട്ടില്‍ ഭക്ഷണം എത്തിക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നവരുടെ വീട്ടിലുള്ള മാതാപിതാക്കള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണവും അവശ്യ സഹായങ്ങളും ലഭ്യമാക്കും. സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സമിതിയുടെ ജില്ലാതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുത്തു.ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, എ.ഡി.എം. അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍, സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത് കുമാര്‍, ഡെപ്യൂട്ടി ഡി.എം. ഒ കെ.ആര്‍ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവരുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പൊതു പരിപാടികള്‍ ഒഴിവാക്കണം പൊതുജനങ്ങള്‍ ഒത്തുചേരുന്ന പരിപാടികളും ചടങ്ങുകളും പരമാവധി ഒഴിവാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വിവാഹച്ചടങ്ങുകളിലും ഒഴിവാക്കാനാകാത്ത കുടുംബ പരിപാടികളിലും അത്യാവശ്യം ആളുകള്‍ മാത്രം പങ്കെടുക്കാന്‍ ശ്രദ്ധിക്കണം. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച് നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുക്കര്‍മ്മങ്ങള്‍ ഇന്നലെ ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമെന്ന് അവലോകന യോഗം വിലയിരുത്തി. എന്‍ട്രന്‍സ് പരീശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പരിഗണിച്ച് ജില്ലയിലെ എന്‍ട്രന്‍സ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാര്‍ച്ച് അവസാനം വരെ പൂര്‍ണമായി നിര്‍ത്തിവയ്ക്കുമെന്ന് പരിശീലന കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അറിയിച്ചു. ഐ.ഇ.എല്‍.ടി.എസ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ അറിയിക്കണം ഇറ്റലി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ കൊറോണ സെല്ലില്‍ വിവരം നല്‍കാനും ജനസമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ കഴിയാനും ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വിവരം നല്‍കുന്നപക്ഷം പരിശോധനയ്ക്കും ആവശ്യമെങ്കില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതിനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും. വിളിക്കേണ്ട നമ്പരുകള്‍ സംശയ നിവാരണത്തിനും ചികിത്സാ സഹായത്തിനും വിളിക്കേണ്ട നമ്പരുകള്‍ 1077, 0481 2581900, 0481 2304800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം വിദേശ രാജ്യങ്ങളില്‍നിന്നെത്തുന്ന എല്ലാവരെയും കുറിച്ച് കൊറോണ കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കുന്നതിന് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നിര്‍ദേശം നല്‍കി. രോഗ പ്രതിരോധനത്തിനായുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് റിസോര്‍ട്ട് ഉടമകള്‍ അറിയിച്ചു. ക്ലബ്ബുകള്‍, റസ്റ്റോറന്റുകള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ നീന്തല്‍ കുളങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. പിന്തുണയുമായി സ്വകാര്യ ആശുപത്രികളും കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം പരിഗണിച്ച് കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ സഹകരണം വാഗ്ദാനം ചെയ്തു. വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കാമെന്ന് ജില്ലാ കളക്ടര്‍  വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആശുപത്രികളുടെ പ്രതിനിധികള്‍ അറിയിച്ചു.വിവിധ സ്വകാര്യ ആശുപത്രികളിലായി 24 ഐസോലേഷന്‍ മുറികളാണ് സജ്ജീക്കാനാകുക. മെഡിക്കല്‍ കോളേജും കോട്ടയം ജനറല്‍ ആശുപത്രിയും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ 53 പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനുള്ള സൗകര്യം നേരത്തെ സജ്ജമാക്കിയിട്ടുണ്ട്. രോഗികളുടെ യാത്രാ ചരിത്രം പരിശോധിക്കണം വരും ദിവസങ്ങളില്‍ രോഗബാധ സംശയിച്ച് കൂടുതല്‍ ആളുകള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്താന്‍ സാധ്യതയുണ്ട്.  പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരുടെ യാത്രാ ചരിത്രം വിശദമായി  പരിശോധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന്  എത്തിയവരോ അത്തരം ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആണെങ്കില്‍ അടിയന്തരമായി ഐസോലേറ്റ്  ചെയ്യുന്നതിന്  നടപടികള്‍ സ്വീകരിക്കുകയും ജില്ലാ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയും വേണം. സാമ്പിള്‍ ശേഖരിക്കുന്നതിന് മുന്‍കരുതല്‍ വേണം ഐസോലേറ്റ് ചെയ്യപ്പെടുന്നവരുടെ ശ്രവം പരിശോധനയ്ക്കായി എടുക്കുന്നത് ക്ലിനിക്കല്‍ ഡോക്ടറുടെ നേതൃത്വത്തിലായിരിക്കണം. സാമ്പിള്‍ ശേഖരിക്കുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സമ്പൂര്‍ണ്ണ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സാമ്പിളുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖേനയാണ് പരിശോധനയ്ക്ക് അയയ്‌ക്കേണ്ടത്. പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരെ മെഡിക്കല്‍ കോളേജിലേക്കോ കോട്ടയം ജനറല്‍ ആശുപത്രിയിലേക്കോ മാറ്റുന്നതിന് നടപടി സ്വീകരിക്കും. സ്വകാര്യ ലാബുകളിലെ പരിശോധന ഒഴിവാക്കണം വൈറസ് ബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുള്ളവരുടെ സ്രവങ്ങള്‍ സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്ക് അയയ്ക്കുന്നത് ഒഴിവാക്കണം. വിദേശ രാജ്യങ്ങളില്‍നിന്ന് എത്തി നേരിട്ട് ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും പൊതുവായ ക്യൂവില്‍ നില്‍ക്കാതെ അതിവേഗം പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കണം. സ്വകാര്യ ആശുപത്രികള്‍ ഏതെങ്കിലും രോഗികള്‍ക്ക് ഹോം ക്വാറന്റയിന്‍  നിര്‍ദേശിച്ചാല്‍ അവരുടെ വിവരങ്ങള്‍ കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.  സ്വയം ചികിത്സ പാടില്ല ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കണം. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകള്‍ വാങ്ങുകയോ കഴിക്കുകയോ ചെയ്യാന്‍ പാടില്ല. സര്‍ക്കാരും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃതൃമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. എല്ലാവരും മാസ്‌ക് ഉപയോഗിക്കേണ്ടതില്ല എല്ലാവരും മാസ്‌ക് ഉപയോഗിക്കേണ്ട സാഹചര്യം നിലവിലില്ല. രോഗികളും അവരെ പരിചരിക്കുന്നവരും ആശുപത്രി ജീവനക്കാരും ഉപയോഗിച്ചാല്‍ മതിയാകും. പനി, ജലദോഷം തുടങ്ങിയവയുള്ളവര്‍ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക.