• admin

  • February 12 , 2020

തിരുവനന്തപുരം : കേരളത്തിലെ പൊലീസ് സേനയിലെ അംഗങ്ങള്‍ ആത്മഹത്യ ചെയ്ത ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെയുടെ ക്രൈം ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കനുസരിച്ച് കേരളത്തിലെ പൊലീസുദ്യോഗസ്ഥരുടെ ആത്മഹത്യ നിരക്ക് കുറവാണെന്നാണ് ലഭിച്ച വിവരങ്ങളെന്നും പാറയ്ക്കല്‍ അബ്ദുള്ളയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടും കുടുംബപരമായ പ്രശ്നങ്ങള്‍ കാരണവും, സേനയിലെ അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായ മാനസിക പിരിമുറുക്കം കാരണമാണ് ചില സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുളളത്. പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് പൊലീസ് സ്റ്റേഷന്‍ തലത്തില്‍ തന്നെ വിവിധ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കു കൂടി പങ്കെടുക്കാവുന്ന രീതിയിലുള്ള ഒത്തുചേരലുകള്‍ നടത്തിവരുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് ജാതി-ലിംഗ വിവേചനങ്ങള്‍ താങ്ങാനാവാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. സേനയിലെ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടിയെടുത്തുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.