• admin

  • January 11 , 2020

കൊച്ചി : കൊച്ചി: എന്‍ജിനീയറിംഗില്‍ ഉയര്‍ന്ന നൈപുണ്യവും വിഭവശേഷിയുള്ള കേരളത്തിന് ഇന്ത്യയിലെ നാലാം വ്യവസായ വിപ്ലവത്തിന് (ഇന്‍ഡസ്ട്രി 4.0) വഴി തെളിക്കാനാകുമെന്ന് ആഗോള നിക്ഷേപ സംഗമമായ അസെന്‍ഡ് കേരള-2020ല്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നാലാം വ്യവസായ വിപ്ലവത്തിലേക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലേക്കും ത്വരിതഗതിയില്‍ രാജ്യം മുന്നേറുന്നത് കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ കൈവരിക്കുന്നതിനും ഈ മേഖലയില്‍ വികസിച്ചുവരുന്ന രാജ്യങ്ങളുമായി മത്സരിക്കുന്നതിനും സഹായകമാകുമെന്നും അസെന്‍ഡ് 2020 ന്റെ അവസാന ദിനത്തില്‍ 'ഇന്‍ഡസ്ട്രി 4.0 - പ്രവണതകളും ഭാവിയിലേക്കുള്ള പ്രതികരണങ്ങളും' എന്ന സെഷനില്‍ വിദഗ്ധര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ നിര്‍മ്മാണം, ഗതാഗതം, ഊര്‍ജം, ടെലികോം മേഖലകളില്‍ ഇന്‍ഡസ്ട്രി 4.0 യും ഡിജിറ്റല്‍ സാങ്കേതികവിദ്യകളും സ്വീകരിച്ചുവരികയാണെന്ന് കെപിഎംജി ഇന്ത്യ ഡിജിറ്റല്‍ പാര്‍ട്ണര്‍ സുശാന്ത് റബ്രാ പറഞ്ഞു. ഇന്‍ഡസ്ട്രി 4.0 സ്വീകരിക്കുന്നതില്‍ പ്രാമുഖ്യമുള്ള ഈ മേഖലകളില്‍ നിന്നാണ് ആകെ സാമ്പത്തിക മ്യൂല്യത്തിന്റെ അറുപതുശതമാനത്തോളം കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. കണക്കുകളനുസരിച്ച് 2025 നകം ഇന്‍ഡസ്ട്രി 4.0 യും ഡിജിറ്റല്‍ സാങ്കേതികവിദ്യകളും 1.5 യുഎസ് ട്രില്യണ്‍ ഡോളര്‍ മൂല്യം ആഗോള സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലഘട്ടത്തിന് അനിവാര്യമെന്നോണം വ്യവസായ സ്ഥാപനങ്ങള്‍ ഇന്‍ഡസ്ട്രി 4.0 യോട് പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റല്‍ കൈമാറ്റങ്ങള്‍ക്കായി ദ കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. റോബോട്ടിക്‌സ്, ഓട്ടോണമസ് വെഹിക്കിള്‍, സെന്‍സര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്‌പെയ്‌സ് ഇന്റലിജന്‍സ് മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ആവിര്‍ഭാവത്തിനു ഭാവിയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ സാക്ഷ്യംവഹിക്കുമെന്ന് ഫ്‌ള്യുടുറ ഡിസിഷന്‍ സയന്‍സസ് ആന്‍ഡ് അനലറ്റിക്‌സ് സഹസ്ഥാപകനും ചീഫ് ഡാറ്റാ സയിന്റിസ്റ്റുമായ ഡെറിക് ജോസ് പറഞ്ഞു.