• Lisha Mary

  • March 30 , 2020

കോഴിക്കോട് : കേരളത്തില്‍ നിന്നും പാല്‍ വാങ്ങുന്നത് തമിഴ്നാട് പൂര്‍ണ്ണമായും നിര്‍ത്തി. കോവിഡ് ഭീഷണിയെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നുളള പാല്‍ വേണ്ടെന്ന നിലപാടിലേക്ക് തമിഴ്നാട് കടന്നിരിക്കുന്നത്. ഇതോടെ മില്‍മ മലബാര്‍ മേഖല യൂണിയനില്‍ പാല്‍ സംഭരണം പ്രതിസന്ധിയിലായി. നാളെ മുതല്‍ കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലെന്ന് മില്‍മ മലബാര്‍ മേഖല യൂണിയന്‍ അറിയിച്ചു. പാല്‍പൊടി നിര്‍മാണത്തിനായി പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ പാലായിരുന്നു കേരളം തമിഴ്നാട്ടിലേക്ക് അയച്ചിരുന്നത്. ഇതാണ് തമിഴ്നാട് നിര്‍ത്തലാക്കിയത്. നിലവില്‍ ഏകദേശം ആറര ലക്ഷം ലിറ്റര്‍ പാലാണ് മലബാര്‍ റീജ്യണില്‍ നിന്ന് മാത്രം മില്‍മ ശേഖരിച്ച് പോരുന്നത്. ഇതില്‍ മൂന്ന് ലക്ഷം ലിറ്റര്‍മാത്രമാണ് ചെലവാകുന്നത്. വളരെ കുറച്ച് മാത്രം പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായും ഉപയോഗിച്ചിരുന്നു. ബാക്കിയുള്ളവയായിരുന്നു പാല്‍പൊടിക്കായും മറ്റുമായി തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നത്. കേരളത്തില്‍ എറണാകുളത്തുള്ള പിഡിഡിപി മാത്രമാണ് പാല്‍പൊടി നിര്‍മാണ കേന്ദ്രമായിട്ടുള്ളത്. അവിടെ തന്നെ മില്‍മയുടെ വളരെ കുറഞ്ഞ അളവ് മാത്രമാണ് പൊടിയാക്കാന്‍ കഴിയുന്നതും. ഇതിനാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. ഒരു ലക്ഷത്തോളം കര്‍ഷകരാണ് മലബാര്‍ റീജ്യണിന് കീഴില്‍ ഇപ്പോഴുള്ളത്. ഇവരാണ് നിലവില്‍ പ്രതിസന്ധിയിലായിരിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ മില്‍മ അധികാരികള്‍ വിഷയം ഇപ്പോള്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വൈകുന്നേരത്തിനകം തീരുമാനമുണ്ടായില്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ പാല്‍ സംഭരണത്തിലടക്കം വലിയ ക്രമീകരണം കൊണ്ട് വരേണ്ടി വരുമെന്ന് മില്‍മ മലബാര്‍ റീജ്യന്‍ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.