• Lisha Mary

  • April 5 , 2020

: കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 ഇന്ത്യക്കാരടക്കം 77 പേര്‍ക്ക് കൂടി ഞായറാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 556 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ ഇതുവരെ 225 ഇന്ത്യക്കാര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ സംശയിക്കുന്ന നൂറു കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ കൂട്ടത്തോടെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയുമാണ്. രാജ്യത്ത് മൊത്തം 99 പേര്‍ രോഗമുക്തരായതായും 456 പേര്‍ ചികിത്സയിലും 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ് അറിയിച്ചു. കുവൈത്തില്‍ രോഗ ബാധ കണ്ടെത്തിയ ഇന്ത്യക്കാര്‍ 225 ആയതോടെ വിദേശ ജനസംഖ്യയില്‍ മഹാഭൂരിപക്ഷമുള്ള ഇന്ത്യന്‍ സമൂഹം വലിയ ആശങ്കയിലുമാണ്. അതേസമയം മലയാളികള്‍ തിങ്ങി വസിക്കുന്ന ജലീബ് ശുയൂഖില്‍ ബ്ലോക്ക് രണ്ടില്‍ താമസിക്കുന്ന 21 പേരെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടം പൂര്‍ണ്ണ നിരീക്ഷണത്തിലാണ്. കൂടാതെ കൊറോണ വൈറസ് ബാധ സംശയിക്കുന്ന പ്രദേശത്തെ കെട്ടിടങ്ങളില്‍ നിന്നും ചില മലയാളികളുടെ സ്രവം പരിശോധനക്ക് വിധേയമാക്കി ഫലത്തിനായി കാത്തിരിക്കയാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും കൊറോണ രോഗ ബാധ സംശയിച്ചു നിരീക്ഷണത്തിലാക്കിയിരുന്ന നിരവധി പേരെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. വിദേശ തൊഴിലാളികള്‍ തിങ്ങി വസിക്കുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗം ആദില്‍ അല്‍ ധാംഖി ഇന്നും അവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൊറോണ രോഗികളുടെ വര്‍ധനവ് കണക്കിലെടുത്ത് പുതിയ നിരീക്ഷണകേന്ദ്രങ്ങള്‍ സജ്ജമാക്കി. മിശ്രഫിലെ പ്രദര്‍ശന നഗരി ഇതിനായി ഒരുങ്ങിയിട്ടണ്ട്. ആവശ്യമനുസരിച്ചു രോഗികളെ ക്യാമ്പിലേക്ക് മാറ്റുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.