• Lisha Mary

  • March 23 , 2020

തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടാന്‍ തീരുമാനം. കൊറോണ സ്ഥിരീകരിച്ച ജില്ലകളില്‍ സ്ഥിതിഗതികള്‍ ഗുരുതരമായ കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്താനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനം മുഴുവന്‍ അടച്ചിടേണ്ടതില്ല എന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായത്. എങ്കിലും കാസര്‍കോടിന്റെ സ്ഥിതി കണക്കിലെടുത്ത് ജില്ല പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം. കാസര്‍കോട് മാത്രം 19 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ആരും വീടിന്റെ പുറത്ത് ഇറങ്ങരുത്. വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കും. കാസര്‍കോട് ഒഴികെ മറ്റു ജില്ലകളിലെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടയ്ക്കില്ല. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ബിവറേജസുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുളളൂ.