• admin

  • February 28 , 2020

ആലപ്പുഴ : തഴക്കര ഗ്രാമപഞ്ചായത്തിലെ കണ്ണാട്ടുമോടി കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായുള്ള പൈപ്പ് പൊട്ടല്‍ ഒഴിവാക്കാന്‍ പ്രഷര്‍ വാല്‍വ് ഘടിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മോട്ടറില്‍ നിന്ന് പോകുന്ന വെള്ളത്തിന്റെ മര്‍ദ്ദം 2 കിലോയില്‍ അധികമായാല്‍ പൈപ്പ് പൊട്ടാനുള്ള സാധ്യത കൂടുതലാണ്. പ്രഷര്‍ വാല്‍വ് ഘടിപ്പിച്ച വെള്ളത്തിന്റെ മര്‍ദ്ദം 2 കിലോയില്‍ താഴെയാക്കിയാല്‍ പൈപ്പ് പൊട്ടല്‍ അവസാനിപ്പിക്കാന്‍ സാധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം എല്‍ എ യുടെ മണ്ഡല വികസന ഫണ്ടില്‍ നിന്നും 29 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിലൂടെ വിവിധ വാര്‍ഡുകളിലെ 2000ത്തോളം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം ലഭ്യമാകുന്നത്. തഴക്കര പഞ്ചായത്തിലെ 4 ചെറുകിട കുടിവെള്ള പദ്ധതികളിലെ 2 പദ്ധതികള്‍ യാഥാര്‍ഥ്യമായതോടുകൂടി പ്രദേശവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചതായി എം എല്‍ എ പറഞ്ഞു. ഇലവങ്കര കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്നും കന്നിമേല്‍ കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും ഉപയോഗിച്ച പണികള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.