• Lisha Mary

  • March 23 , 2020

ടോക്കിയോ : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് 2020 ടോക്കിയോ ഒളിംപിക്‌സ് മാറ്റിവെച്ചേക്കുമെന്ന് സൂചന. ഒളിംപിക്‌സ് മാറ്റിവെക്കുന്നതിനെക്കുറിച്ച് നാലു ആഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക തീരുമാനമെടുക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി (ഐഒസി) അറിയിച്ചു. ഒരു വര്‍ഷം വരെ ഗെയിംസ് നീട്ടിവയ്ക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ഒളിംപിക്‌സ് മാറ്റിവെക്കേണ്ടിവരുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രതികരിച്ചു. ആദ്യമായാണ് ജപ്പാന്‍ ഒളിംപിക്‌സ് മാറ്റിവെക്കേണ്ടിവരുമെന്ന് സമ്മതിക്കുന്നത്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ലോകത്ത് നടന്നുവന്ന മഹാഭൂരിപക്ഷം മത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നു ഒളിംപിക്‌സും നീട്ടിവയ്ക്കാന്‍ ഐഒസിക്ക് മേല്‍ സമ്മര്‍ദമേറിയിരുന്നു. ഗെയിംസ് നീട്ടണമെന്ന ആവശ്യവുമായി കൂടുതല്‍ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നിരുന്നു. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പതു വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ് അരങ്ങേറേണ്ടത്.