• admin

  • October 24 , 2022

മാനന്തവാടി : ബസ് തടഞ്ഞുനിർത്തി കവർച്ച നടത്തിയ ഏഴംഗ സംഘത്തിന് കുഴൽപ്പണ ലോബിയുമായി ബന്ധമുണ്ടന്ന് സംശയം. കഴിഞ്ഞ ദിവസമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വയനാട് പെരിക്കല്ലൂർ മൂന്നുപാലം ചക്കാലക്കൽ വീട്ടിൽ സി. സുജിത്ത് (28), നടവയൽ കായക്കുന്ന് പതിപ്ലാക്കൽ ജോബിഷ് ജോസഫ് (23), ഏറണാകുളം മുക്കന്നൂർ ഏഴാറ്റുമുഖം പള്ളിയാന വീട്ടിൽ ശ്രീജിത്ത് വിജയൻ (25), കണ്ണൂർ ആറളം ഒടാക്കൽ കാപ്പാടൻ വീട്ടിൽ സക്കീർ ഹുസൈൻ (38), കോഴിക്കോട് സ്വദേശികളായ ബേപ്പൂർ ഊണാർവളപ്പ് കോഴിക്കോടൻ വീട്ടിൽ കെ.വി. ജംഷീർ (37), ഫറോക്ക് രാമനാട്ടുകര കോമ്പിലായത്ത് വീട്ടിൽ എം.എൻ. മൻസൂർ (30), മലപ്പുറം പുളിക്കൽ അരൂർ ചോലക്കര വീട്ടിൽ ടി.കെ. ഷഫീർ (32) എന്നിവരാണ് അറസ്റ്റിലായത്. ആദ്യ നാലു പ്രതികളെ വെള്ളിയാഴ്ച പുലർച്ചെ കർണാടക മാണ്ഡ്യയിൽ നിന്നും മറ്റു മൂന്നുപേരെ ഞായറാഴ്ച അവരവരുടെ നാട്ടിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഇനിയും ചിലരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചിന് പുലർച്ചെ 3.45-നാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സിലെ യാത്രക്കാരാനായ മലപ്പുറം സ്വദേശിയാണ് കവർച്ചയ്ക്കിരയായത്. തിരുനെല്ലി- തെറ്റ്‌റോഡ് കവലയിലെത്തിയപ്പോൾ തടഞ്ഞുനിർത്തി കവർച്ച ചെയ്ത് സംഘം മടങ്ങുകയായിരുന്നു. അഞ്ചിന് നടന്ന സംഭവത്തിൽ കഴിഞ്ഞ 12-നാണ് തിരുനെല്ലി പോലീസിൽ പരാതി ലഭിച്ചത്. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്. എല്ലാവരെയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട് )റിമാൻഡ് ചെയ്തു. തിരുനെല്ലി ഇൻസ്പെക്ടർ പി.എൽ. ഷൈജു, മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, കമ്പളക്കാട് ഇൻസ്പെക്ടർ എം.എ. സന്തോഷ്, കമ്പളക്കാട് എസ്.ഐ. എൻ.വി. ഹരീഷ് കുമാർ എന്നിവരുൾപ്പെടെ 18 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. കർണാടകയിൽ നിന്ന് പിടികൂടിയ സംഘാംഗങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ പി.എൽ.ഷൈജുവിനെ വാഹനം കയറ്റി കൊല്ലാനും ശ്രമിച്ചു. ഇദ്ദേഹം പരിക്കുകളോടെ ചികിത്സയിലാണ്.