• Lisha Mary

  • March 24 , 2020

മുംബൈ : ഈ വര്‍ഷത്തെ ഐപിഎല്‍ നടക്കാന്‍ സാധ്യതയില്ലെന്ന് ഏറെക്കുറെ ഉറപ്പായി. മത്സരങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും ഇത്തവണ ഐപിഎല്‍ നടത്തുമെന്ന് തുടക്കത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്. ഈ മാസം 29ന് നടക്കേണ്ടിയിരുന്ന ഐപിഎല്‍, കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടും ഫലമില്ലെന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ഐപിഎല്ലിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നു നിശ്ചയിച്ചിരുന്ന ഐപിഎല്‍ ഭരണസമിതിയുടെയും ടീം അധികൃതരുടെയും ടെലികോണ്‍ഫറന്‍സ് റദ്ദാക്കിയതും ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ വര്‍ഷം ഐപിഎല്‍ നടന്നില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) മാത്രം ഏതാണ്ട് 2000 കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഓരോ ടീമുകള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ള വരുമാന നഷ്ടം 100 കോടിയിലേറെ രൂപ വീതം വേറെയും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിസിസിഐയില്‍നിന്ന് ടീമുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതയും വിരളമാണ്. ഇതിനെല്ലാം പുറമെയാണ് കളിക്കാര്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം. അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐപിഎല്‍ ബിസിസിഐയുടെ പരിഗണനയില്‍ പോലുമില്ലെന്നാണ് വിവരം. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട മുംബൈയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് പോലും ഇതുവരെ തുറന്നിട്ടില്ല. നിലവില്‍ ഏപ്രില്‍ 15 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വീസ നിയന്ത്രണങ്ങള്‍ നീട്ടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ വിദേശ താരങ്ങളുടെ വരവുപോലും അനിശ്ചിതത്വത്തിലാകും. വൈറസ് ബാധ നിയന്ത്രണത്തിലാകുന്നതുവരെ ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ടതില്ല' - ഒരു ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി. 'വൈറസ് ബാധ ഇന്ത്യയില്‍ നിയന്ത്രണത്തിലായാല്‍പ്പോലും മറ്റു രാജ്യങ്ങളിലെ അവസ്ഥ നമുക്കറിയില്ല. ജപ്പാന്‍ പോലും ഒളിംപിക് നീട്ടിവയ്ക്കുന്ന കാര്യം ഗൗരവത്തോടെ ആലോചിക്കുകയാണ്. ക്രിക്കറ്റിനേക്കാളും ഐപിഎല്ലിനേക്കാളുമൊക്കെ വലിയ മഹാമാരിയാണിത്' - ബിസിസിഐ ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി. ഏറ്റവും കുറഞ്ഞത് ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ എങ്കിലും തുടങ്ങാനായെങ്കിലേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്താനാകൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനും സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.