• admin

  • February 4 , 2020

വെങ്ങാനൂര്‍ : നൂറുവര്‍ഷം പഴക്കമുള്ള എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളും നവീകരിക്കുമെന്ന് പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഇത്തരത്തിലുള്ള 12 ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. രജിസ്ട്രേഷനിലൂടെ ഈ സാമ്പത്തികവര്‍ഷം 4,500 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതുതായി പണികഴിപ്പിച്ച വെങ്ങാനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എല്ലാ രജിസ്ട്രേഷന്‍ രേഖകളും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാവിധ രജിസ്ട്രേഷന്‍ നടപടികള്‍ക്കുമായി ഇ-പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പൊതുജനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണം. രജിസ്ട്രേഷന്‍ മേഖലയില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിനായി. സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ സേവനം കാര്യക്ഷമമാക്കാന്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ അധികമായി നിയമിക്കുന്നതടക്കം വേണ്ടതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.