• Lisha Mary

  • April 2 , 2020

വയനാട് : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് പിന്തുണയുമായി കര്‍മ്മനിരതരായി പഞ്ചായത്ത് ജീവനക്കാരും . വാര്‍ഡുകള്‍ തോറുമുള്ള ജാഗ്രതാ സമിതി മുതല്‍ സാമൂഹ്യ അടുക്കളയുടെ പ്രവര്‍ത്തനങ്ങളില്‍ വരെ സക്രിയമാണ് ജീവനക്കാരെല്ലാം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ജോലി വിഭജിച്ച് നല്‍കിയിട്ടുണ്ട്. വാര്‍ഡു്തല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ വാര്‍ഡിനും അതത് പഞ്ചായത്തുകളില്‍ നിന്നും പ്രത്യേകം ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്. ആദ്യപടിയായി 413 വാര്‍ഡുകളിലെ രോഗപ്രതിരോധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വാട്സപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. വാര്‍ഡുകളില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്ന നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും പഞ്ചായത്ത് ഡെപ്യട്ടി ഡയറക്ടര്‍ ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് വഴി ക്രോഡീകരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറി പ്രശ്ന പരിഹാരം സാധ്യമാക്കുന്നു. ഇതിനായി ഡിജിറ്റല്‍ പ്ലാറ്റ് ഫോം മോണിറ്ററിംഗ് രീതിയാണ് വകുപ്പ് അവലംബിക്കുന്നത്. ജില്ലാ ഭരണകൂടവും സര്‍ക്കാറും ആവശ്യപ്പെടുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതും പഞ്ചായത്ത് തലത്തിലെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയാണ്. കൂടാതെ 04936202634, 202663, 9497366416, 8921993201, 9495859440, 9495643595 ഹെല്‍പ്പ് ലൈന്‍ വഴിയും സേവനം നല്‍കുന്നു. സാമൂഹിക അടുക്കളയുടെ വിവരങ്ങള്‍, അതിഥി തൊഴിലാളികള്‍, തെരുവോരങ്ങളില്‍ കഴിയുന്നവര്‍, എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങള്‍ക്ക് ഭക്ഷണം, ഭക്ഷ്യ കിറ്റ് നല്‍കല്‍, കുടുംബശ്രീയുമായി ചേര്‍ന്ന് പ്രാദേശിക കര്‍ഷകരുടെ പച്ചക്കറി ശേഖരിച്ച് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ലഭ്യമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് ജീവനക്കാരുടെ നേതൃത്വത്തില്‍ നടക്കുന്നു. ആരോഗ്യ വിഭാഗക്കാരോടൊപ്പം ക്വാറന്റയിനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍, ജില്ലയ്ക്ക് പുറത്ത് നിന്ന് പുതിയതായി വരുന്നവരുടെ നിരീക്ഷണം, പൊതു വ്യക്തി ശുചിത്വം സംബന്ധിച്ച് ബോധവല്‍ക്കരണം, വോളണ്ടിയേഴ്സ് ലിസ്റ്റ്, കൊറോണ കെയര്‍ സെന്ററുകളുടെ നടത്തിപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഡി.പി ഓഫീസിന്റെ നേതൃത്വത്തില്‍ പരിസരത്തുള്ള കുരങ്ങുകള്‍, നായകള്‍ എന്നിവയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നു. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ സൂം കോണ്‍ഫറന്‍സ് വഴിയാണ് വിവര വിനിമയം നടത്തുന്നത്.