• Lisha Mary

  • April 2 , 2020

: കാസര്‍ഗോഡ് : കോവിഡ് 19 രോഗവ്യാപനം മൂലം ബുദ്ധിമുട്ടുന്ന കേരളജനതയ്ക്ക് ആശ്വാസമായി അവശ്യ സര്‍വീസുകള്‍ക്ക് സൗജന്യമായി ഹെലികോപ്റ്റര്‍ വിട്ടു നല്‍കുമെന്ന് ഡോ: ബോബി ചെമ്മണ്ണൂര്‍. കര്‍ണാടകയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചതിനാല്‍ ചികിത്സകിട്ടാതെ കാസര്‍ഗോഡ് ഏഴു പേര്‍ മരിച്ച സാഹചര്യത്തിലാണ് അടിയന്തര സേവനങ്ങള്‍ക്കായി സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബോബി ഹെലി ടാക്‌സി സൗജന്യമായി വിട്ടുനല്‍കുന്നതെന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. . ഇക്കാര്യം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. കേരള-കര്‍ണാടക സര്‍ക്കാരുകളുടെ അനുമതി കിട്ടുന്ന മുറക്ക് ഹെലി ടാക്‌സി സൗജന്യ സേവനം ആരംഭിക്കും എന്ന് അദ്ദേഹം അറിയിച്ചു രോഗികളെയും, ഡോക്ടര്‍മാരെയും മറ്റും അത്യാവശ്യ ഘട്ടങ്ങളില്‍ ഹോസ്പിറ്റലുകളില്‍ എത്തിക്കാന്‍ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അതിര്‍ത്തികള്‍ അടച്ചത് കാരണം മറ്റു സംസ്ഥാനത്തെ ആശുപത്രികളില്‍ എത്താന്‍ സാധിക്കാത്ത രോഗികള്‍ക്കും സൗജന്യ ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ തയ്യാറാണെന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു. കൊറോണ കാലത്തെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഹെലി ടാക്‌സി സൗജന്യമായി വിട്ടു നല്‍കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ജില്ലകളിലെ രോഗികളെ വിദഗ്ധ ചികിത്സയ്ക്ക് എത്തിക്കാനും കേരളത്തിനകത്തു ജീവന്‍രക്ഷാമരുന്നുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനും സാധിക്കും .ഇപ്പോള്‍ പോലീസ് - അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ആണ് അത്യാവശ്യ മരുന്നുകള്‍ ആളുകള്‍ക്ക് എത്തിച്ചു നല്‍കുന്നത് .റോഡ് മാര്‍ഗ്ഗം എത്തിക്കാനുള്ള കാലതാമസവും സമയ നഷ്ടവും ഒഴിവാക്കുന്നതിനും ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.