• Lisha Mary

  • March 21 , 2020

റോം/ന്യൂയോര്‍ക്ക് : കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 11000 കവിഞ്ഞു. യൂറോപ്പില്‍ മാത്രം 5000 ത്തിലധികം പേര്‍ മരിച്ചു. ഇറ്റലി, സ്പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മാത്രം 627 പേര്‍ മരിച്ചതായി ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതിനോടകം തന്നെ മരണസംഖ്യയില്‍ ചൈനയെ മറികടന്ന ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 4032 ആയിട്ടുണ്ട്. സ്പെയിനില്‍ മരണസംഖ്യ ആയിരം കടന്നു. 166 രാജ്യങ്ങളിലായി പടര്‍ന്ന കോവിഡ് 19 മഹാമാരി ഇതിനകം 260,000 പേരിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസിന്റെ പ്രധാന ഉറവിടമായിരുന്ന ചൈനയില്‍ 87,000 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം, കോവിഡ്-19 ബാധിച്ച് ലോകത്ത് ദശലക്ഷക്കണക്കിനാളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങളെയായിരിക്കും മഹാമാരി ഏറെ ബാധിക്കുക. വൈറസിനെ കാട്ടുതീപോലെ പടരാന്‍ വിട്ടാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.