• Lisha Mary

  • March 21 , 2020

ജനീവ : ചെറുപ്പക്കാര്‍ കോവിഡിന് അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യ സംഘടന. ചെറുപ്പക്കാരില്‍ വൈറസ് ബാധ മരണത്തിന് വരെ കാരണമായേക്കാമെന്നും ഡബ്ലിയു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രിയൂസസ് മുന്നറിയിപ്പ് നല്‍കി. പ്രായമേറിയവരിലാണ് വൈറസ് ബാധ രൂക്ഷമായി ബാധിക്കുക എന്ന ധാരണ ചെറുപ്പക്കാരില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആ ധാരണ തെറ്റാണ്. ചെറുപ്പക്കാരിലും കോവിഡ് ബാധ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ചിലപ്പോള്‍ മരണത്തിന് വരെ വഴിവെച്ചേക്കാമെന്ന് ഡബ്ലിയു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് കൊറോണയെ ചെറുക്കാനുള്ള പ്രത്യേക പ്രതിരോധശേഷിയൊന്നുമില്ല. അതിനാല്‍ തന്നെ രോഗബാധിതപ്രദേശങ്ങളില്‍ സാമൂഹിക ഇടപെടലില്‍ നിയന്ത്രണം പാലിക്കണം. ഇത്തരം സ്ഥലങ്ങളില്‍ പ്രായമേറിയവരില്‍ നിന്നും അകലം പാലിക്കണം. വൈറസ് ബാധയ്ക്കെതിരെ യുവജനങ്ങളും കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ലോകാരോഗ്യസംഘടന തലവന്‍ മുന്നറിയിപ്പ് നല്‍കി.