• admin

  • January 30 , 2020

കോഴിക്കോട് : മാലിക്കടവ് ഐടിഐയിലെ വര്‍ക്ഷോപ്പില്‍ പതിന്നാലുകാരിയായ സ്‌നേഹ എസ് വി തിരക്കിലാണ്. ചിന്തേര്, ഉളി, കൊട്ടുവടി എന്നീ ഉപകരണങ്ങള്‍ക്കിടയിലെ തിരക്കാണ് ഈ പത്താം ക്ലാസുകാരിക്ക്. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെയ്‌സ്) സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ നൈപുണ്യ മേളയായ ഇന്ത്യ സ്‌കില്‍സ് കേരള 2020 യുടെ ഉത്തരമേഖലാ മത്സരങ്ങളിലാണ് പുരുഷാധിപത്യ മേഖലകളിലും വനിതകളുടെ സജീവ പങ്കാളിത്തമുള്ളത്. തലമുറകളായി ആശാരിപ്പണി ചെയ്തുവരുന്ന കാസര്‍കോട് മുളിയാറുള്ള കുടുംബത്തിലെ സി ശശിധരന്റെ മകളാണ് സ്‌നേഹ. ചെറുപ്പത്തില്‍ തന്നെ അച്ഛന്റെ പണിസ്ഥലത്തെ കൗതുകക്കാഴ്ചകള്‍ സ്‌നേഹയെ സ്വാധീനിച്ചിരുന്നു. അവിടെ ഉപേക്ഷിച്ച മരക്കഷണങ്ങളില്‍ തുടങ്ങിയതാണ് സ്‌നേഹയുടെ മിടുക്ക്. ഇത് ശ്രദ്ധിച്ച അധ്യാപികയാണ് ഈ കുട്ടിയെ സംസ്ഥാന പ്രവൃത്തി പരിശീലന മേളയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും നേടി സ്‌നേഹ അധ്യാപകരുടെ പ്രതീക്ഷ കാത്തു. 16 പുരുഷ മത്സരാര്‍ത്ഥികള്‍ക്കൊപ്പമാണ് കാര്‍പ്പന്ററി വിഭാഗത്തില്‍ സ്‌നേഹ മത്സരിക്കുന്നത്. കാര്‍പ്പന്ററിയില്‍ മാത്രമല്ല, കലാരംഗത്തും മിടുക്കിയാണ് സ്‌നേഹ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും പഠിക്കുന്നുണ്ട്. തയ്യല്‍ജോലി ചെയ്യുന്ന അമ്മ സ്മിതയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ശ്വേതയും സ്‌നേഹയ്ക്ക് മികച്ച പിന്തുണ നല്‍കുന്നു. അനുശ്രീ കെ, വിജിന എം എന്നിവര്‍ ജോയിനറി വിഭാഗത്തില്‍ മത്സരിക്കുന്നു. ഇരുവരും ഐടിഐ പരിശീലനം നേടിയവരാണ്. മര ഉരുപ്പടിയില്‍ പല തരത്തിലുള്ള ജോയിന്റുകളുടെ സഹായത്താല്‍ ഡ്രോയിംഗിന് അനുസരിച്ചുള്ള രൂപങ്ങള്‍ നിര്‍മ്മിക്കുന്ന മത്സരമാണ് ജോയിനറി. ഇതു കൂടാതെ ബ്രിക്ക്‌ലേയിംഗ് വിഭാഗത്തില്‍ മേഘമോള്‍, ആതിര കെ എന്നിവരും മത്സരിക്കുന്നുണ്ട്. പ്ലാന്‍ പ്രകാരം വളരെ കൃത്യമായി സെറ്റ്ഔട്ട് ചെയ്ത് അളവുകള്‍ കൃത്യമാക്കി ഇഷ്ടികകള്‍ അടുക്കി ജോയിന്റുകള്‍ സാങ്കേതിക മികവോടെ ക്രമപ്പെടുത്തുന്ന മത്സരമാണ് ബ്രിക്ക് ലേയിങ്. കോഴിക്കോട് വനിത ഐടിഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. മുന്‍വര്‍ഷം നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 സ്‌കില്ലുകളിലാണ് മത്സരങ്ങള്‍ നടത്തിയത്. ഇത്തവണ ഇത് 42 ആക്കിയിട്ടുണ്ട്. പല മത്സരങ്ങളിലും കുറഞ്ഞ പ്രായപരിധിയില്ലാത്തതുകൊണ്ട് കൊച്ചുകുട്ടികളും മുതിര്‍ന്നവര്‍ക്കൊപ്പം വാശിയോടെ പങ്കെടുത്തിരുന്നു. ജനപ്രിയ ഇനങ്ങളായ കേശാലങ്കാരം, പുഷ്പാലങ്കാരം, പാചകം തുടങ്ങിയ നിരവധി ഇനങ്ങള്‍ ഇത്തവണയുണ്ട്. സംസ്ഥാന മത്സരങ്ങളില്‍ നിന്ന് ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് മുന്നിലെത്തുന്നവര്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍സ് മേളയിലും പങ്കെടുക്കാം. കൂടാതെ ഇന്ത്യ സ്‌കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 50,000 രൂപയും ഫൈനലിലെത്തുന്നവര്‍ക്ക് പതിനായിരം രൂപയും ലഭിക്കും.