• admin

  • January 30 , 2020

തിരുവനന്തപുരം : കേരളത്തെ ലഹരി വിമുക്തമാക്കുന്നതിന് സമൂഹത്തിന്റെ കീഴ്ത്തട്ടു മുതല്‍ തീവ്രബോധവല്‍ക്കരണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും ഇതിനായി നിരോധനം പ്രായോഗികമല്ലെന്നും എക്‌സൈസ്-തൊഴില്‍ വകുപ്പു മന്ത്രി ടി. പി രാമകൃഷ്ണന്‍. സംസ്ഥാനത്ത് മദ്യവര്‍ജനത്തിനും മയക്കുമരുന്നുകളുടെ നിവാരണത്തിനും ഊന്നല്‍ നല്‍കി എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ലഹരിവിരുദ്ധ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാരികളും നിക്ഷേപകരും സംസ്ഥാനത്ത് ആവശ്യപ്പെടുന്നത് തടസമില്ലാത്ത മദ്യവിതരണമാണെന്നും സാമ്പത്തിക വികസനത്തിന് ഊന്നല്‍ നല്‍കേണ്ടതിനാല്‍ മദ്യനിരോധനം അസാധ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം പദ്ധതിയുമായി സഹകരിച്ച് എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കിനാലൂരില്‍ 100 കോടി രൂപ ചെലവില്‍ മാതൃകാ ലഹരിമുക്തകേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. വ്യവസായ വകുപ്പിന് കീഴിലുള്ള 50 ഏക്കര്‍ ഇതിനായി ലഭ്യമാക്കും. ഇപ്പോള്‍ ലഹരി മോചന ചികിത്സ കഴിഞ്ഞു പുറത്തിറങ്ങുന്നവരില്‍ നല്ലൊരു ശതമാനം പേരും ലഹരിയിലേക്ക് തിരികെ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് പരിഹാരമെന്നോണം ഈ നിര്‍ദിഷ്ട ലഹരി മുക്ത കേന്ദ്രത്തില്‍ ചികിത്സ കഴിഞ്ഞ് കുറച്ചു കാലം പാര്‍പ്പിച്ച് പുനരാധിവാസത്തിനുള്ള സാഹചര്യം ഒരുക്കും. പുനരധിവാസ കാലയളവില്‍ തൊഴില്‍ നൈപുണ്യ പരിശീലനം ഉള്‍പ്പടെയുള്ള വിവിധ പരിപാടികളില്‍ അവരെ പങ്കാളികളാക്കും. കേന്ദ്ര സര്‍ക്കാരിന്റെ സഹായവും ലഹരിമുക്തകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 'ലഹരിയും മനസും' എന്ന വിഷയത്തില്‍ കരുണാസായി ഡയറക്ടര്‍ മധുജന്‍ എല്‍ ആറും 'ലഹരിയും നിയമവശങ്ങളും' എന്ന വിഷയത്തില്‍ വിമുക്തി മാനേജര്‍ ഹരികൃഷ്ണ പിള്ളയും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെഎസ് പിള്ള അദ്ധ്യക്ഷത വഹിച്ചു. വിമുക്തി സംസ്ഥാനത്തുടനീളം നടത്തിവരുന്ന തൊണ്ണൂറുദിന തീവ്രബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് പരിശീലകര്‍ക്കായി ശില്‍പശാല നടത്തിയത്. കേരളത്തിലെ 6700 ഗ്രന്ഥശാലകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകളിലും പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചേരുന്ന ലഹരി വിമുക്ത സായാഹ്ന കൂട്ടായ്മകളിലും വിഷയം അവതരിപ്പിക്കുന്നവരാണ് ശില്‍പശാലയിലൂടെ പരിശീലനം നേടിയത്. വിവിധ ജില്ലകളില്‍ നിന്നായി നൂറുപേരും ജില്ലയിലെ റിസോഴ്‌സ് പേഴ്‌സണുകളുമാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.