• admin

  • January 17 , 2020

: ചാലക്കുടി: വഴിവക്കിലെ കാട്ടുപടര്‍പ്പിലുള്ള പൂക്കളിലും തേന്‍ കുടിക്കാനെത്തുന്ന പൂമ്പാറ്റയിലുമെല്ലാമുള്ള നിറങ്ങളെ ഹൃദയത്തിലേക്ക് ആവാഹിച്ച് അവര്‍ ധൈര്യം സംഭരിച്ച് മത്സരിച്ചത് ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കുമൊപ്പം. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് കേരള 2020 ന്റെ ചാലക്കുടിയില്‍ നടന്ന തൃശൂര്‍ ജില്ലാ മത്സരത്തിലാണ് മൂന്നാം ക്‌ളാസുകാരിയായ വിസ്മയ സുബിനും സഹോദരനും ഒന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിയുമായ രവിശങ്കറും മാറ്റുരച്ചത്. മത്സരത്തില്‍ ഇവര്‍ നേരിട്ടത് ചില്ലറക്കാരോടല്ല, തങ്ങളെക്കാള്‍ എല്ലാ അര്‍ത്ഥത്തിലും വലുതായ സഹോദരീസഹോദരന്മാരോടാണ്. ചാലക്കുടി സികെഎം എന്‍.എസ്.എസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വിസ്മയ. അതേ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് രവിശങ്കര്‍. ആറു വയസുകാരനായ രവിശങ്കറും വിസ്മയയുമാണ് ഇന്ത്യ സ്‌കില്‍സ്‌കേരള മത്സരത്തില്‍ ഏറ്റവും ചെറിയ മത്സരാര്‍ഥികള്‍. മൂന്ന് മണിക്കൂറാണ് ഇവര്‍ക്ക് മത്സരത്തിനുണ്ടായിരുന്നത്. നാല് കളറുകളും മറ്റുപകരണങ്ങളും കിട്ടി. മറ്റ് സപ്തവര്‍ണ്ണങ്ങളെല്ലാം ഇവര്‍ തന്നെ സൃഷ്ടിച്ചെടുത്തുവേണം മത്സരത്തില്‍ നിശ്ചയിച്ച് നല്‍കിയിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കാന്‍. ഇവര്‍ പങ്കെടുത്ത കളര്‍വീല്‍ എന്ന തീമിലുള്ള ചിത്രരചനാ മത്സരത്തില്‍ ആകെ പത്ത് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മുതിര്‍ന്നവര്‍ വരെ നിറം സംയോജിപ്പിച്ച് ചിത്രം വരയ്ക്കുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പകുതി സമയം കഴിഞ്ഞപ്പോഴേക്കും ഈ കുരുന്നുകള്‍ മുക്കാല്‍ ഭാഗത്തോളം ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. സ്‌കൂളില്‍ ചേര്‍ക്കുന്നതിനു മുമ്പുതന്നെ വിസ്മയയും രവിശങ്കറും വരയുടെ ലോകത്ത് സജീവമായിരുന്നു. ടിവിഷോകളില്‍ വരയ്ക്കുന്ന സീനുകള്‍ കണ്ടാലുടന്‍ കടലാസും കളര്‍ പെന്‍സിലുമായി ആരുടെയും നിര്‍ദേശമില്ലാതെ വര തുടങ്ങുകയായിരുന്നു ഇരുവരുടെയും ശീലമെന്ന് ചാലക്കുടി ഗവ. വനിതാ ഐടിഐയില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷനില്‍ വിദ്യാര്‍ത്ഥിനിയും ചിത്രകാരിയുമായ അമ്മ അപര്‍ണ പറയുന്നു. ഇന്റീരിയര്‍ ഡിസൈനിങ്ങിലും കുട്ടികള്‍ തന്നെ അനുകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് അമ്മയുടെ സാക്ഷ്യം. ആദ്യം പെന്‍സില്‍ ഡ്രോയിങ്ങില്‍ താല്‍പര്യം കാണിച്ചിരുന്നവിസ്മയ ഇപ്പോള്‍ വാട്ടര്‍ കളര്‍ ഉപയോഗിക്കുന്നു. ക്രയോണ്‍സാണ് രവിശങ്കറിനിഷ്ടം. ഇസാഫ് ബാങ്കിന്റെ മാള, അഷ്ടമിച്ചിറ ബ്രാഞ്ചില്‍സീനിയര്‍ മാനേജരായ അച്ഛന്‍ സുബിന്‍ രവിയും ചിത്രകാരനാണ്. സ്‌കൂള്‍തല മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള ഈ കുരുന്നുകള്‍ പഠനത്തിലും മിടുമിടുക്കരാണ്. സ്‌കോളര്‍ഷിപ്പുകള്‍ വരെ വാങ്ങിയാണ് പഠനം തുടരുന്നത്. സ്‌കൂളധികൃതരും ഇവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കിവരുന്നു. സ്‌കൂള്‍ തലത്തിലും ഇവര്‍ക്ക് നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ചേര്‍ത്ത് പ്രദര്‍ശനം സംഘടിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് അച്ഛനമ്മമാര്‍. 20-ന് അവസാനിക്കുന്ന ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്നവര്‍ക്ക് സോണ്‍ മത്സരങ്ങളിലും അവിടെനിന്ന് സംസ്ഥാന മത്സരത്തിലും പങ്കെടുക്കാം. സംസ്ഥാന മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും 10,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. കഴിവ് മാത്രം മാനദണ്ഡമുള്ള ഈ മത്സരത്തില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് 2021ല്‍ ചൈനയിലെ ഷാംഗ്ഹായിയില്‍ നടക്കുന്ന സ്‌കില്‍സ് ഒളിംപിക്‌സില്‍ വരെ പങ്കെടുക്കാന്‍ അവസരമുണ്ട്.