• Lisha Mary

  • April 3 , 2020

: ബെംഗളൂരു: 'ആരോഗ്യസഞ്ജീവനി' എന്ന ആരോഗ്യ പോളിസിയില്‍ കോവിഡ് -19 ചികിത്സയും ഉള്‍പ്പെടുത്തി. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍. ഡി. എ.ഐ.)യാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രീമിയം നിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാം. എന്നിരുന്നാലും ഒരു ലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് 1000 രൂപയാണ് പൊതുവായി നിശ്ചയിച്ചിട്ടുള്ളത്. അതായത് അഞ്ചു ലക്ഷം രൂപയുടെ കവറേജിന് 5000 രൂപയാകും പ്രീമിയം നിരക്ക്. അടിസ്ഥാന ജനവിഭാഗങ്ങളെയും ഇടത്തരക്കാരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളോട് അടുപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് 'ആരോഗ്യസഞ്ജീവനി' ആവിഷ്‌കരിച്ചിരിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് സേവനം നല്‍കുന്ന രാജ്യത്തെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും 'ആരോഗ്യസഞ്ജീവനി' എന്ന പേരിലുള്ള പോളിസിയുണ്ടാകും. നിലവില്‍ വിവിധ കമ്പനികളുടെ ആരോഗ്യ പോളിസികള്‍ പല പേരിലായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്ന സാഹചര്യമുണ്ട്. ഒറ്റപ്പേരിലുള്ള അടിസ്ഥാന പോളിസി ലഭ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. പരമാവധി അഞ്ചുലക്ഷം രൂപവരെയാണ് പരിരക്ഷ ലഭിക്കുക. രാജ്യത്തെല്ലായിടത്തും ഒരേ പ്രീമിയം നിരക്കായിരിക്കും ഇത്തരം പോളിസികള്‍ക്കുണ്ടാകുക. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതുസംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കും 'ആരോഗ്യസഞ്ജീവനി' വരുന്നതോടെ പരിഹാരമാകും. പുതിയ സാഹചര്യത്തില്‍ കോവിഡ് -19 കൂടി ഉള്‍പ്പെടുത്തുന്നതോടെ കൂടുതല്‍ പേര്‍ക്ക് ഇന്‍ഷുറന്‍സ് ഗുണംചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ