• admin

  • February 16 , 2020

തിരുവനന്തപുരം : യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുവരും സിപിഎമ്മില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി. ഈ കാരണത്താല്‍ ഇരുവരെയും സിപിഎമ്മില്‍ നിന്നും പുറത്താക്കിയെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. അലനെയും താഹയെയും പുറത്താക്കിയെന്നു സിപിഎം സ്ഥിരീകരിക്കുന്നത് ആദ്യമാണ്. സിപിഎമ്മുകാര്‍ക്കു മറ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. മാവോയിസ്റ്റ് സിന്ദാബാദ് എന്ന് ഒരു സിപിഎമ്മുകാരനു വിളിക്കാന്‍ സാധിക്കുമോ? അവര്‍ ഇപ്പോള്‍ സിപിഎമ്മുകാരല്ല. ഇരുവരും മാവോയിസ്റ്റുകളാണെന്നു വ്യക്തമായി മനസിലാക്കിയതു കൊണ്ടാണ് പുറത്താക്കിയത്. ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി ഒരുമാസം മുന്‍പു തന്നെ അംഗീകരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ശനിയാഴ്ച സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് അംഗീകാരം നല്‍കുകയും ചെയ്തുവെന്ന് കോടിയേരി പറഞ്ഞു.