• admin

  • January 16 , 2020

കോഴിക്കോട് : ഉടലും തലയും കൈകാലുകളും പലയിടത്തുനിന്നുമായി കിട്ടിയ കേസില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞുവെന്നും പ്രതി പിടിയിലായെന്നും കേസ് അന്വേഷിച്ച ക്രൈബ്രാഞ്ച് സംഘം അറിയിച്ചു. മലപ്പുറം വണ്ടൂര്‍ പുതിയാത്ത് ഇസ്മയില്‍ (48) ആണ് കൊല്ലപ്പെട്ടത്.പ്രതി പാലാ കുടുംബാംഗം ബിര്‍ജുവിനെ കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചു. അമ്മ ജയവല്ലിയുടെ കൊലപാതകത്തിലും ബിര്‍ജു കുറ്റം സമ്മതിച്ചു. കോഴിക്കോട് മുക്കം , ചാലിയം ഭാഗങ്ങളില്‍ നിന്നാണ് ഇസ്മയിലിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നത്.2014ല്‍ ജയവല്ലിയേും 2017 ല്‍ ഇസ്മയിലിനേയും കൊലപ്പെടുത്തുകയായിരുന്നു. ജയവല്ലിയെ കൊലപ്പെടുത്താനും സ്വത്ത് തട്ടിയെടുക്കാനും ബിര്‍ജുവിന് സഹായി ഇസ്മയിലായിരുന്നു. ആത്മഹത്യയെന്ന് വരുത്തി തീര്‍ത്ത ആ കൊലപാതകം പുറത്തറിയാതിരിക്കാനും പണഇടപാടില്‍ നിന്ന് രക്ഷപ്പെടാനുമാണ് ഇസ്മയിലിനെ കൊന്ന് ശരീരം പലഭാഗങ്ങളായി മുറിച്ച് ഉപേക്ഷിച്ചതെന്ന് ബിര്‍ജു പറഞ്ഞു. ഭൂസ്വത്ത് ധാരാളമുള്ള പാലാ കുടുംബത്തിലെ അംഗമാണ് ബിര്‍ജു. സ്വത്ത് വീതിച്ചപ്പോള്‍ ലഭിച്ച അഞ്ചേക്കല്‍ ബിര്‍ജു വിറ്റ് പണം ധൂര്‍ത്തടിച്ചു. വീണ്ടും പണത്തിനായി ജയവല്ലിയെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ബിര്‍ജുവും കുടുംബവും അമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. പണം പലിശക്ക് കൊടുക്കുന്ന ഇടപാട് ജയവല്ലിക്ക് ഉണ്ടായിരുന്നു. ഇതിന്റെ എജന്റായി നിന്നിരുന്നത് ഇസ്മയില്‍ ആണ്. അമ്മയില്‍നിന്ന് പണം വാങ്ങി ഇസ്മയില്‍ ബിര്‍ജുവിന് കൊടുത്തു. വീണ്ടും പണം ആവശ്യപ്പെട്ട് അമ്മയെ ബിര്‍ജു ബുദ്ധിമുട്ടിച്ചു. പണം തരില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. ഇതോടെ ജയവല്ലിയെ കൊലപ്പെടുത്താന്‍ ബിര്‍ജു തീരുമാനിച്ചു. ഭാര്യയേും മക്കളേയും ഭാര്യാവീട്ടില്‍ പറഞ്ഞുവിട്ടശേഷം ഇസ്മയിലുമൊത്ത് വീട്ടിലെത്തി.കൊലചെയ്യാന്‍ രാവിലേയും ഉച്ചക്കും വന്നെങ്കിലും സാധിച്ചില്ല. വൈകിയിട്ട് എത്തിയപ്പോള്‍ ജയവല്ലി ഉറങ്ങുകയായിരുന്നു. കട്ടിലിന്റെ അഴിയില്‍ കയര്‍കെട്ടിവരിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ഫാനില്‍ സാരിയില്‍ കെട്ടിത്തൂക്കുയായിരുന്നു. മരണം ആത്മഹത്യയെന്ന് വരുത്തിതീര്‍ത്തു. 2014ലാണ് കൊലപാതകം നടത്തിയത്. ഏകമകനായ ബിര്‍ജുവിലേക്ക് അമ്മയുടെ സ്വത്തുക്കള്‍ എത്തിചേരുകയും. ചെയ്തു. തുടര്‍ന്ന് വീട് വില്‍ക്കാന്‍ ബിര്‍ജു ശ്രമിച്ചു. 10 ലക്ഷം രൂപ അഡ്വാന്‍സ് കൈപറ്റി. ഇതറിഞ്ഞ് ഇസ്മയില്‍ പണമാവശ്യപ്പെട്ട് ബിര്‍ജുവിനെ ശല്യപ്പെടുത്താന്‍ തുടങ്ങി. വീട്ടിലെത്തിയ ഇസ്മയിലിനെ മദ്യം കൊടുത്ത് മയക്കിക്കിടത്തി കഴുത്ത് വരിഞ്ഞ് കൊലപ്പെടുത്തി. പിന്നീട് പ്ലാസ്റ്റിക് ചരടുകളും സര്‍ജിക്കല്‍ ബ്ലേഡും വാങ്ങിയെത്തി ശരീരം പല ഭാഗങ്ങളായി മുറിച്ച് പ്ലാസ്റ്റിക് ചാക്കുകളിലാക്കി മുക്കം ചാലിയം ഭാഗങ്ങളില്‍ പലയിടത്തായി കൊണ്ടിട്ടു. വേട്ടയാടുന്ന ശീലമുണ്ടായിരുന്ന ബിജുവിന് വേട്ടമൃഗങ്ങളെ കഷ്ണങ്ങളാക്കി പരിചയവുമുണ്ടായിരുന്നു. അതാണ് ഇസ്മയിലിന്റെ മൃതദേഹത്തിലും ചെയ്തത്. മുക്കത്ത് കോഴി വേസ്റ്റ് ഇടുന്നതില്‍ പ്രതിഷേധിച്ച് ആ ഭാഗത്തെ ഫേസ്ബുക്ക് കൂട്ടായ്മ മാലിന്യം നീക്കാന്‍ ശ്രമം തുടങ്ങി. മാലിന്യം നീക്കുന്നതിനിടെയാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. ഇസ്മയിലിനെതിരേ കൊണ്ടോട്ടി, കരുവാരക്കുണ്ട് സ്റ്റേഷനുകളില്‍ നേരത്തെ കേസുകളുണ്ട്. തിരുവനന്തപുരം ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. 1991-ല്‍ മലപ്പുറം പോലീസ് പിടികൂടിയപ്പോള്‍ ഇസ്മയിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. ഇതും മൃതദേഹത്തില്‍നിന്നു ലഭിച്ച വിരലടയാളവും ഒത്തുവന്നതാണ് കേസില്‍ വഴിത്തിരിവായത്. 2017 ഓഗസ്റ്റ് 13-ന് ചാലിയം കടല്‍ത്തീരത്തുനിന്ന് ബേപ്പൂര്‍ പൊലീസിനു ലഭിച്ച തലയോട്ടി ഉപയോഗിച്ച് 2019 നവംബറില്‍ രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ അഞ്ചുദിവസം മുതല്‍ ഏഴുദിവസം വരെ പഴക്കമുണ്ടായിരുന്നു. അഗസ്ത്യമുഴിയിലെ റോഡരികില്‍നിന്ന് ജൂലായ് ആറിനാണ് ഉടല്‍ഭാഗം കണ്ടെത്തിയത്. കൈതവളപ്പ് കടല്‍ത്തീരത്തു നിന്ന് ജൂണ്‍ 28-ന് ഒരു കൈയുടെ ഭാഗവും ജൂലായ് ഒന്നിന് ചാലിയം കടല്‍ത്തീരത്തുനിന്ന് രണ്ടാമത്തെ കൈയും കിട്ടി. ഇതെല്ലാം ഒരാളുടേതാണെന്ന് ഡിഎന്‍എ. പരിശോധനയില്‍ കണ്ടെത്തിയെന്നും വാര്‍ത്തസമ്മേളനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.