• admin

  • January 23 , 2020

ന്യൂഡല്‍ഹി : കെ.പി.സി.സി ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡിന്റെ മുന്നിലെത്തിയിട്ടും തീരുമാനമാകുന്നില്ല. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിന് നല്‍കിയ പട്ടികയില്‍ വനിതാ പ്രാതിനിധ്യം പോരെന്ന് വിമര്‍ശനമുയര്‍ന്നതോടെ പട്ടികയില്‍ പുനരാലോചന നടക്കുകയാണ്. ജംബോ പട്ടികയ്ക്ക് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കിയിട്ടില്ല. മാരത്തണ്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടും ജംബോ പട്ടികയില്‍ മാത്രമൊതുങ്ങി നില്‍ക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും. കൊടിക്കുന്നില്‍ സുരേഷിനും കെ.സുധാകരനുമൊപ്പം വി.ഡി സതീശന്‍, കെ.വി തോമസ്, പി.സി വിഷ്ണുനാഥ്, ടി.സിദ്ദീഖ് എന്നിവരുള്‍പ്പടെ ആറ് വര്‍ക്കിങ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്. 13 വൈസ് പ്രസിഡണ്ടുമാര്‍, 36 ജനറല്‍ സെക്രട്ടറിമാര്‍ എക്്സിക്യൂട്ടീവ് അംഗങ്ങളായി 70 പേര്‍ എന്നിങ്ങനെ 127 പേരടങ്ങുന്നതാണ് നിലവില്‍ തയ്യാറായിരിക്കുന്ന പട്ടിക. ഈ പട്ടികയിലാണ് പുനരാലോചന നടക്കുന്നത് മുസ്ലിം പ്രാതിനിധ്യം എന്ന നിലയില്‍ എ ഗ്രൂപ്പിന്റെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് ടി.സിദ്ദിഖിനെ വര്‍ക്കിങ് പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ഉള്‍പ്പെടുത്തിയത്. ഒരാള്‍ക്ക് ഒരു പദവി, 75 ന് താഴെയുള്ള പട്ടിക വേണം എന്നതടക്കമുള്ള മുല്ലപ്പള്ളിയുടെ എല്ലാ നിര്‍ദേശങ്ങളും തള്ളിയാണ് ഗ്രൂപ്പുകള്‍ പട്ടികയില്‍ സ്ഥാനമുറപ്പിച്ചത്. ഒരേസമയം ഒന്നിലധികം ചുമതലകള്‍ നല്‍കുന്ന നിലവിലെ പട്ടിക ഗ്രൂപ്പ് ആധിപത്യത്തിന് വഴിവെക്കുമെന്നാണ് മുല്ലപ്പള്ളിയുടെ വാദം. പ്രധാന ഭാരവാഹികളില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിലും അദ്ദേഹത്തിന് അത്യപ്തിയുണ്ട്. അത്യപ്തി ഹൈക്കമാന്റിനെ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് അത് തള്ളുകയായിരുന്നു. ജംബോ പട്ടിക വെട്ടിക്കുറയ്ക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുമെന്നാണ് ഗ്രൂപ്പുകള്‍ ആവര്‍ത്തിക്കുന്നത്. ഭാരവാഹിത്വത്തിന്മേലുള്ള മാരത്തണ്‍ ചര്‍ച്ച പൂര്‍ത്തിയായതിനെത്തുടര്‍ന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി നാട്ടിലേക്ക് മടങ്ങിയിരുന്നു. രമേശ് ചെന്നിത്തലയും മുല്ലപ്പളളി രാമചന്ദ്രനും അടക്കമുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച തുടരുകയാണ്.