• Lisha Mary

  • April 1 , 2020

കാക്കനാട് : കഴിഞ്ഞ നാല് ദിവസമായി ഹലോ ഭായ് നമസ്‌തേ, ജുഹാര്‍, നമസ്‌ക്കാരോ, നമസ്‌ക്കാര്‍ തുടങ്ങിയ ഹിന്ദി, ഒഡിയ, ബംഗാളി, അസാമി, ഇംഗ്ലീഷ്, ബംഗ്ലാദേശ്, എന്നീ വാക്കുകളാണ് കൂടുതലായി കേള്‍ക്കുന്നത്. ലോക്ക് ഡൗണ്‍ മൂലം വിവിധ ആവശ്യങ്ങളും പ്രശ്‌നങ്ങളുമായി വിളിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ തന്നെ ആശ്വാസമാവുകയാണ് കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂമിലെ കോള്‍ സെന്റര്‍. നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലെ പതിനൊന്ന് മൈഗ്രന്റ് ലിങ്ക് വര്‍ക്കേഴ്‌സാണ് അതിഥി തൊഴിലാളികളുടെ ആശങ്ക അകറ്റുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 150ലധികം അതിഥി തൊഴിലാളികളുടെ കോളുകളാണ് കോള്‍ സെന്ററില്‍ എത്തിയത്. പലര്‍ക്കും ഭക്ഷണം കിട്ടാനില്ല , നാട്ടില്‍ പോകണം, ഭക്ഷണ സാധനങ്ങള്‍ കിട്ടാനില്ല, വാടക വീട്ടില്‍ നിന്നും ഉടമസ്ഥര്‍ ഇറക്കി വിട്ടു, ക്വാറന്റൈനില്‍ എങ്ങനെ ഇരിക്കണം എന്ന് തുടങ്ങിയുള്ള വിവിധ പരാതികളും അന്വേഷണങ്ങളുമാണ്എത്തുന്നത്. പെരുമ്പാവൂര്‍ , ആലുവ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കോളുകളും എത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അതിഥി ദേവോ ഭവ പ്രോജക്ടിന്റെ കീഴിലാണ് ട്രെയിനിംഗ് ലഭിച്ച പതിനൊന്ന് മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍മാരും പ്രവര്‍ത്തിക്കുന്നത്. ഓരോ മാസവും 50 അതിഥി തൊഴിലാളികളുടെ വീട് ഇവര്‍ സന്ദര്‍ശിച്ച് ആരോഗ്യ ബേധവത്ക്കരണം നല്‍കുന്നുണ്ട്. അതിന് പുറമെ ആവാസ് കാര്‍ഡിന്റെ പ്രയോജനം വിവിധ ആശുപത്രികളില്‍ നിന്ന് ലഭിക്കാന്‍ വേണ്ട സഹായവും ഇവര്‍ ഒരുക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ കമ്പനികളിലെ അതിഥി തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഇവര്‍ ബോധവത്ക്കരണം നടത്തിയിരുന്നു.