മലപ്പുറം : കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം എംഡിഎംഎയുമായി വയനാട്,മലപ്പുറം സ്വദേശികൾ പിടിയിൽ.കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള ലഹരിവിൽപന സംഘത്തിലെ മൂന്നുപേരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്.മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32),വയനാട് മേപ്പടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34),മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ(21) എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ വച്ച് പിടികൂടിയത്.സംസ്ഥാന പൊലീസ് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ 100 ഗ്രാമോളം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന ലഹരിവിൽപന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തിലെ ചിലരെ കുറിച്ച് സൂചനകൾ ലഭിച്ചത്.
കൂടുതൽ അന്വേഷണം നടത്തിയതിൽനിന്ന് കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ ലക്ഷ്യം വച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന് മനസ്സിലായി.ആഡംബര വാഹനങ്ങളിൽ രഹസ്യ അറകളുണ്ടാക്കുകയും അതിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയും ചെയ്യുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.തുടർന്ന് നിരീക്ഷണം നടത്തിയതിൽ സംഘത്തിന്റെ ഇടത്താവളം തമിഴ്നാട്ടിലെ കോയമ്പത്തൂർ,പഴനി,കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ ഇത്തരം ടൗണുകളിൽ വച്ചാണ് ലഹരിയിടപാടുകൾ കൂടുതൽ നടക്കുന്നതെന്നും മനസ്സിലാക്കി.പിന്നാലെ ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ഇടനിലക്കാരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂർ ടൗണിന് സമീപം വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവരുടെ കയ്യിൽ നിന്ന് കാറിനുള്ളിൽ ഒളിപ്പിച്ച എംഡിഎംഎ പൊലീസ് കണ്ടെത്തുത്തു.100 ഗ്രാം മുതൽ 500 ഗ്രാം വരെ അടങ്ങുന്ന കവറുകളിലാക്കി കാറിന്റെ ഡോർ പാടിനുള്ളിൽ ഒളിപ്പിച്ചനിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
