മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (28.10.2026)

1. കിഫ്ബി വഴി കണ്ണൂര്‍ ജില്ലയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് ധനകാര്യ റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

2. പാലക്കാട് നെന്മാറയില്‍ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ഇളയ മകള്‍ അഖിലയുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും.

3. പട്ടികജാതി- പട്ടിക വര്‍ഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഭരണാനുമതി നല്‍കി. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍ നിന്നും 6 ലക്ഷമായും പട്ടിക വര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍ നിന്നും എട്ട് ലക്ഷമായും ഉയര്‍ത്തി.

4. മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

5. 2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കു വേണ്ടി ഷൂട്ടിംഗില്‍ രണ്ട് വെള്ളി മെഡലുകള്‍ നേടിയ വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു.

6. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍ പാര്‍ട്ട് 1 ഷെഡ്യൂള്‍ ലിസ്റ്റ് 3 – മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBC) പട്ടികയിലെ എന്‍ട്രി നമ്പര്‍ 55 ല്‍ പട്ടാരിയ (Pattariya) എന്ന വിഭാഗത്തേയും എന്‍ട്രി നമ്പര്‍ 62 ല്‍ ശാലിയ (Saliya) വിഭാഗത്തേയും കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു.

7. പൊലീസ് വകുപ്പില്‍ പുനര്‍വിന്യസിച്ച 86 എസ്‌ഐ തസ്തികകളില്‍ 48 ഒഴിവുകള്‍ പി.എസ്.സി സ്ഥിരം ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു.

8. പൊലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പുരുഷ/വനിതാ നിയമന അനുപാതം 9:1 ല്‍ നിന്നും 7:3 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *